കൊച്ചി: എഡിഎമ്മിനെ അക്രമിച്ച കേസില്‍ ഇ.എസ് ബിജിമോള്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട കേസിലെ പ്രതിയാണ് ബിജിമോളെന്നും അതിനാല്‍ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് വീഴ്ചയാണെന്നും കോടതി നിരീക്ഷിച്ചു.
ബിജിമോളില്‍ നിന്നും വിശദമായി മൊഴിയെടുത്തെന്നും കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയെങ്കിലും ജസറ്റീസ് കെമാല്‍ പാഷ ഈ റിപ്പോര്‍ട്ട് തള്ളി. ബിജിമോളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. അറസ്റ്റ് ചെയ്യേണ്ടെന്ന് തീരുമാനമെടുത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും കാര്യമായ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് എഡിഎം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പെരുവന്താനത്ത് സ്വകാര്യ എസ്റ്റേറ്റിന്റെ ഗേറ്റ് പുനസ്ഥാപിക്കാനെത്തിയ എഡിഎമ്മിനെ ബിജിമോളുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. ഇതിനിടയിലായിരുന്നു ബിജിമോള്‍ എഡിഎമ്മിനെ കൈയ്യേറ്റം ചെയ്തത്.