ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ സംഘടിപ്പിച്ച അഫ്സല് അനുസ്മരണം സര്‍വ്വകലാശാല നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതാണെന്ന് ജെഎന്‍യു അന്വേഷണ സമിതി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ ഉള്‍പ്പടെ 21 വിദ്യാര്‍ത്ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കും.
സര്‍വ്വകലാശാല നിയമമനുസരിച്ച് വിദ്യാര്‍ഥികള്‍ അച്ചടക്ക ലംഘനം നടത്തിയതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ജെഎന്‍യു പബ്ലിക് റിലേഷന്‍ ഓഫീസറാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. സര്‍വ്വകലാശാല നിയമങ്ങള്‍ക്ക് വിധേയമായിട്ടാണ് വിവാദ പരിപാടി സംഘടിപ്പിച്ചതെന്ന കനയ്യ കുമാറിന്റെയും മറ്റും അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഉന്നതതല അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്.
അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ജെഎന്‍യുവില്‍ വിവാദമായ അഫ്സല് അനുസ്മരണം സംഘടിപ്പിച്ചത്. പരിപാടിക്കിടെ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതോടെ ഒരു സംഘം വിദ്യാര്‍ഥികള്‍ ഇതിനെതിരേ രംഗത്ത് വരികയും പരിപാടി സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
പരിപാടിയില്‍ പങ്കെടുത്ത കനയ്യ ഉള്‍പ്പെടെയുള്ള വിദ്യാര്ഥികള്ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു.