കണ്ണൂര്‍: കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി. ജയരാജന്റെ ജാമ്യാപേക്ഷയില്‍ ശനിയാഴ്ച വാദം കേള്‍ക്കും. തുടര്‍ ചികിത്സ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
നേരത്തെ ജയരാജന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ എട്ട് വരെ കോടതി നീട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ മൂന്ന് ദിവസം ജയരാജനെ സിബിഐ ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.
എന്നാല്‍ ചോദ്യം ചെയ്യലിനോട് ജയരാജന്‍ പൂര്‍ണമായി സഹകരിച്ചില്ലെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതുകൊണ്ടു തന്നെ ജയരാജന്റെ ജാമ്യാപേക്ഷയെ സിബിഐ എതിര്‍ത്തേക്കുമെന്നാണ് സൂചന. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിലും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലും നടത്തിയ വിദഗ്ധ പരിശോധനയില്‍ ജയരാജന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് വ്യക്തമായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിയായിരിക്കും സിബിഐ ജാമ്യാപേക്ഷയെ എതിര്‍ക്കുക.