കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിതാ നായരുമായി കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി ഒരു വര്‍ഷത്തിനിടെ ഫോണില്‍ സംസാരിച്ചത് 507 തവണ. കൊച്ചിയില്‍ തമ്പാനൂര്‍ രവിയുടെ മൊഴിയെടുക്കുന്നതിനിടെയാണ് സോളാര്‍ കമ്മീഷന് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഏത് പാതിരാത്രിയിലും ആര് വിളിച്ചാലും താന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാറുണ്ടെന്നും സരിത തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
പക്ഷെ സരിത മൊഴി നല്കിയതുപോലെ താന്‍ അവര്‍ക്ക് യാതൊരു ഉറപ്പുകളും നല്‍കിയിട്ടില്ല. സരിതയെ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നും തമ്പാനൂര്‍ രവി മൊഴി നല്കി. സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന തമ്പാനൂര്‍ രവിയുടെ വാക്കുകള്‍ കമ്മീഷന് തെളിവുകള്‍ സഹിതം പൊളിച്ചു. മാര്‍ച്ച് രണ്ട് വരെ വിളിച്ചതിന്റെ തെളിവുകള്‍ കാട്ടിയാണ് കമ്മീഷന് രവി കളവ് പറയുകയാണെന്ന് വ്യക്തമാക്കിയത്.
മുഖ്യമന്ത്രിക്ക് വേണ്ടി തമ്പാനൂര്‍ രവിയും ബെന്നി ബഹനാനും പല തവണ ഇടനില നിന്നതായി സരിത നായര്‍ വെളിപ്പെടുത്തിയിരുന്നു. ഇരുവരുമായും സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും സമീപിച്ചതെന്നും സരിത വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തമ്പാനൂര്‍ രവിയില്‍ നിന്ന് മൊഴിയെടുക്കാന്‍ കമ്മീഷന് തീരുമാനിച്ചത്.