ആലപ്പുഴ: ആലപ്പുഴയില്‍ വീണ്ടും വി.എസ് പക്ഷത്തെ വെട്ടിനിരത്തി. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടികയിലാണ് മുന്‍ എംപി സി.എസ് സുജാതയെയും കായംകുളം എംഎല്‍എ സി.കെ സദാശിവനെയും അടക്കമുളളവരെ ഒഴിവാക്കിയത്. ജില്ലാ സെക്രട്ടറിയേറ്റില്‍ ഇതേച്ചൊല്ലി കടുത്ത അഭിപ്രായ ഭിന്നതയാണ് ഉണ്ടായത്.
കായംകുളത്ത് സിറ്റിങ് എംഎല്‍എ സി.കെ സദാശിവനെ ഒരു തവണ കൂടി മല്‍സരിപ്പിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ആലപ്പുഴ ജില്ലാകമ്മറ്റിയിലെ ഭൂരിപക്ഷാഭിപ്രായം. ഒപ്പം, മുന്‍ എം.പിയും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ സി.എസ് സുജാതയെ ചെങ്ങന്നൂരില്‍ മല്‍സരിപ്പിക്കണമെന്നും അഭിപ്രായമുയര്‍ന്നിരുന്നു.
എന്നാല്‍ ജില്ലയിലെ വി.എസ് പക്ഷനേതാക്കളായ ഇരുവരേയും ജില്ലാസെക്രട്ടേറിയേറ്റ് സ്ഥാനാര്‍ഥിപട്ടികയില്‍ വെട്ടിനിരത്തുകയായിരുന്നു. കായംകുളത്ത് സി.കെ സദാശിവനെ മത്സരിപ്പക്കണമെന്ന് ഔദ്യോഗിക പക്ഷത്തെ രണ്ട് നേതാക്കളും ഒരു വി.എസ് പക്ഷനേതാവും സെക്രട്ടേറിയേറ്റില്‍ ആവശ്യപ്പെട്ടു. സുജാതയ്‌ക്ക് ചെങ്ങന്നൂരില്‍ ജയസാധ്യതയുണ്ടെന്നും സെക്രട്ടേറിയേറ്റില്‍ അഭിപ്രായമുണ്ടായി.
എന്നാല്‍ നിയോജകമണ്ഡലത്തില്‍ തന്നെയുള്ളവരെ മത്സരിപ്പിക്കണമെന്ന ന്യായം ഉന്നയിച്ച് ഇരുവരെയും ഒഴിവാക്കുകയായിരുന്നു. കായംകുളത്ത് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി പാറക്കാടിന്റെയും ചെങ്ങന്നൂരില്‍ സിപിഎം ഏരിയ കമ്മറ്റി അംഗം കെ.കെ രാമചന്ദ്രന്‍ നായരുടേയും പേരുകള്‍ ജില്ലാസെക്രട്ടറി നിര്‍ദേശിച്ചു. സംഭവം വിവാദമായതോടെ തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റിന് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് അറിയിച്ച് ജില്ലാ സെക്രട്ടറിയേറ്റ് പിരിയുകയായിരുന്നു.