തിരുവനന്തപുരം: തിരുവനന്തപുരം മാസ്റ്റര്‍ പ്ലാന്‍ പുനരുജ്ജീവിപ്പിക്കാനുളള നീക്കത്തിനെതിരേ കാട്ടായിക്കോണത്ത് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമം ആസൂത്രിതമായിരുന്നുവെന്ന് ബിജെപി. കഴക്കൂട്ടം എംഎല്‍എ എം.എ വാഹിദും സിപിഎം നേതാവ് വി. ശിവന്‍കുട്ടി എംഎല്‍എയും തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് അക്രമമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് ആരോപിച്ചു.
മാസ്റ്റര്‍ പ്ലാനിനെതിരേ സിപിഎമ്മും സമരം നടത്തിയെങ്കിലും ഇത് രാഷ്ട്രീയ ഒത്തുകളിയാണെന്ന് ബിജെപി തുറന്നുകാട്ടിയിരുന്നു. ബഹുജനങ്ങളെ കൂട്ടി യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടി ബിജെപി സംഘടിപ്പിച്ച പ്രതിഷേധങ്ങളില്‍ ജനങ്ങളുടെ ശക്തമായ പങ്കാളിത്തവും ഉണ്ടായിരുന്നു. ഇതിലുണ്ടായ അമര്‍ഷവും അക്രമത്തിന് കാരണമായി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബിജെപി നടത്തിയ മുന്നേറ്റത്തിലും പ്രദേശത്ത് നിലനില്‍ക്കുന്ന ബിജെപി അനുകൂല തരംഗത്തിലും അസ്വസ്ഥരായാണ് സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ അക്രമത്തിന് ആസൂത്രണം ചെയ്തതെന്ന് വി.വി രാജേഷ് ആരോപിച്ചു.
സാധാരണക്കാരുടെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കമാണ് മാസ്റ്റര്‍ പ്ലാനിന് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കോര്‍പ്പറേറ്റ് താല്പര്യങ്ങള്ക്കെതിരേ
ഏതറ്റം വരെയും പ്രതിഷേധവുമായി പോകുമെന്നും വി.വി രാജേഷ് വ്യക്തമാക്കി.
വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുളളവരുടെ സ്വാര്‍ഥ താല്പര്യങ്ങള്ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും വേണ്ടിയാണ് അശാസ്ത്രീയമായ മാസ്റ്റര്‍ പ്ലാന്‍ രൂപീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.