
ബംഗളൂരു: സംസ്കാരം കൊണ്ട് എല്ലാ ഭാരതീയരും ഹൈന്ദവരാണെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതം എന്നത് ഒരു ഭൂപ്രദേശത്തിന്റെ പേരു മാത്രമല്ല, നമ്മുടെ അസ്തിത്വം ഉൾക്കൊളളുന്ന മണ്ണാണ് ഇത്. ബംഗളൂരു യെലഹങ്കയിലെ രേവാ സർവകലാശാല കാമ്പസിൽ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ ഘോഷ് ശിബിരമായ ‘സ്വരാഞ്ജലി 2016’ന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായരുന്നു ഡോ.മോഹൻ ഭാഗവത്.
സാംസ്കാരികമായി നാമെല്ലാം ഹൈന്ദവരാണ്. ഈശ്വരനെ ആരാധിക്കുന്ന രീതിയെയോ, മതത്തെയോ ജാതിയേയോ ഭാഷയേയോ സംസ്കാരം വേർതിരിച്ചു കാണുന്നില്ലെന്നും സർസംഘചാലക് പറഞ്ഞു.
ഭാരതം എന്നത് കേവലം ഒരു ഭൂപ്രദേശത്തിന്റെ പേരല്ല, നമ്മുടെ അസ്തിത്വം ഉൾക്കൊള്ളുന്ന പവിത്ര മണ്ണാണ് ഇത്. അതുകൊണ്ടുതന്നെയാണ് എല്ലാവരേയും ഉൾക്കൊളളുന്ന ഭാരതം ഹിന്ദുരാഷ്‌ട്രമായി അറിയപ്പെടുന്നത്. ഇത് ലോകം അംഗീകരിച്ച കാര്യമാണ്. രാഷ്‌ട്രപുരോഗതി ജീവിതവ്രതമാക്കി പ്രവർത്തിക്കുന്ന പൗരൻമാരെ വാർത്തെടുക്കുകയാണ് രാഷ്ടീയ സ്വയംസേവക സംഘത്തിന്റെ ലക്ഷ്യം. കഴിഞ്ഞ 90 വർഷമായി ആർഎസ്എസ് ഇത് ഭംഗിയായി നിർവഹിക്കുന്നുണ്ടെന്നും ഡോ. മോഹൻ ഭാഗവത് പറഞ്ഞു.
ഐ.എസ്.ആർ.ഒ. മുന്‍ ചെയർമാന്‍ ഡോ. കെ.രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ആധുനിക സാങ്കേതിക സംവിധാനങ്ങൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ, ലോകത്തെ എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകുമെന്ന് ഡോ. കെ. രാധാകൃഷ്ണന്‍ പറഞ്ഞു.