ഗുഡ്ഗാവ്: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയുടെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്ക് അന്വേഷണ കമ്മീഷന്റെ നോട്ടീസ്. 23 ന് മുന്‍പ് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് എസ്.എന്‍ ദിന്‍ഗ്ര കമ്മീഷന് ഹൂഡയ്ക്ക് നോട്ടീസ് അയച്ചു.
വാദ്രയ്ക്ക് ബന്ധമുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് കൊമേഴ്സ്യല്‍ ലാന്‍ഡ് ലൈസന്‍സുകള്‍ അനുവദിച്ച സംഭവത്തില്‍ മൊഴിയെടുക്കുന്നതിന് വേണ്ടിയാണ് ഹൂഡയെ വിളിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് വിവാദ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ എസ്.എന്‍ ദിന്‍ഗ്ര കമ്മീഷന് ഹരിയാന സര്‍ക്കാര്‍ രൂപം നല്‍കിയത്.
കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി ദീപീന്ദര്‍ സിംഗ് ദേശിയെയും ഹൂഡ മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഛത്തര് സിംഗിനെയും കമ്മീഷന് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നഗരാസൂത്രണ വകുപ്പുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്തിരുന്നത് ഛത്തര് സിംഗ് ആയിരുന്നു.