ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലെ വ്യോമഗതാഗതം താളം തെറ്റി. യാത്രക്കാരെ പുറത്തിറക്കി വിമാനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. സുരക്ഷാ പരിശോധനയെ തുടര്‍ന്ന് പല വിമാനങ്ങള്‍ക്കും കൃത്യസമയത്ത് പുറപ്പെടാനായില്ല.
വിാമനങ്ങളില് ബോംബ് വെച്ചിട്ടുണ്ടെന്ന് രാവിലെ ഫോണ്‍ സന്ദേശമെത്തുകയായിരുന്നു. തുടര്‍ന്ന് 11 മണിക്ക് ഭുവനേശ്വറിലേക്കും 11.30 ന് കാഠ്മണ്ഡുവിലേക്കും പുറപ്പെടേണ്ട വിമാനങ്ങളാണ് യാത്രക്കാരെ പുറത്തിറക്കി വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയത്. കാഠ്മണ്ഡുവിലേക്കുളള വിമാനത്തില്‍ 160 പേരും ഭുവനേശ്വറിലേക്കുളള വിമാനത്തില്‍ 180 പേരുമായിരുന്നു യാത്രക്കാര്‍. ഇവരുടെ ബഗേജുകള്‍ സഹിതം പരിശോധനയ്ക്ക് വിധേയമാക്കി.
ഇന്നലെ ബാങ്കോക്ക് വിമാനത്താവളത്തിലും ഡല്‍ഹിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് കര്‍ശന പരിശോധന നടത്തിയിരുന്നു.