കൊച്ചി: ആലപ്പുഴ തീരത്ത് സംശയകരമായ സാഹചര്യത്തില്‍ ഇറാനിയന്‍ ബോട്ട് കണ്ടെത്തിയ സംഭവത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ തീവ്രവാദ ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് വ്യക്തമാക്കുന്ന കുറ്റപത്രത്തില്‍ 11 പേരെ ഒഴിവാക്കി ബോട്ടിന്റെ ക്യാപ്റ്റനെതിരേ മാത്രമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
പ്രതികളെ നാടുകടത്താനുള്ള നടപടികള്‍ ആരംഭിക്കാന്‍ കോടതി എന്‍ഐഎയ്‌ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം ജൂലായ് നാലിന് അര്‍ധരാത്രിയിലാണ് ആലപ്പുഴ തീരത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ സംശയകരമായ സാഹചര്യത്തില്‍ ബോട്ട് കണ്ടെത്തിയത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ക്യാപ്റ്റനെതിരേ ചുമത്തിയിരിക്കുന്നത്.
ബറൂക്കി എന്ന പേരുളള ബോട്ടില്‍ നിന്ന് പാകിസ്ഥാന്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചുവെങ്കിലും അതിന്റെ ഉടമ ബോട്ടില്‍ ഉണ്ടായിരുന്നില്ല. മീന്‍പിടുത്ത ബോട്ടാണെന്ന് ഇതിലുണ്ടായിരുന്നവര്‍ പറഞ്ഞെങ്കിലും അടുത്ത കാലത്തൊന്നും മീന്‍ പിടിച്ച ലക്ഷണം കാണാഞ്ഞതും സംശയം ഇരട്ടിയാക്കി. ബോട്ടിലുണ്ടായിരുന്നവര്‍ നിലവില്‍ പൂജപ്പുര ജയിലിലാണ്.