ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ വിവാദമായ അഫ്‌സല്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കുകയും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും ജാമ്യം. വിചാരണക്കോടതിയാണ് ഇരുവര്‍ക്കും ഇടക്കാല ജാമ്യം അനുവദിച്ചത്.
ആറ് മാസത്തേക്കാണ് ജാമ്യം. 25,000 രൂപയുടെ ജാമ്യത്തുക കെട്ടിവെയ്‌ക്കുന്നതിന് പുറമേ തത്തുല്യമായ മറ്റൊരു ജാമ്യവും ഹാജരാക്കണം. സമാനമായ ആരോപണങ്ങള്‍ നേരിട്ട ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന് കോടതി ജാമ്യം അനുവദിച്ചതായി ഇരുവരും ചൂണ്ടിക്കാട്ടി. ജെഎന്‍യുവിലെ പരിപാടിക്കിടെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും പൊലീസിന്റെ കൈവശമുളള തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ഇരുവരും കോടതിയില്‍ വാദിച്ചു.
എന്നാല്‍ പരിപാടിയുടെ പ്രധാന സംഘാടകരായിരുന്നു ഇരുവരുമെന്നും അഫ്‌സല്‍ അനുസ്മരണത്തിന് ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചത് ഉള്‍പ്പെടെ ഇവരായിരുന്നുവെന്നും പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു. രാജ്യദ്രോഹത്തിനാണ് പൊലീസ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്. സംഭവത്തിന് ശേഷം ജെഎന്‍യു ക്യാമ്പസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരും പിന്നീട് കീഴടങ്ങുകയായിരുന്നു.