NewsIndia

മാല്‍ഡയിലെത്തിയ വസ്തുതാന്വേഷണസംഘത്തെ അറസ്റ്റ് ചെയ്തു

malda bjp mp

കൊല്‍ക്കത്ത: മാല്‍ഡയില്‍ കലാപമുണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി എം.പിമാരുടെ സംഘത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച രാവിലെ എം.പിമാര്‍ മാല്‍ഡ റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ ആയിരുന്നു പോലീസ് നടപടി. പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എം.പിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, എം.പിമാരായ എസ്.എസ് അലുവാലിയ, റാം വിലാസ് വേദാന്തി എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു സംഘം.

രാവിലെ ആറ് മണിയോടെ ഗൗര്‍ എക്‌സ്പ്രസില്‍ മാല്‍ഡ ടൗണ്‍ സ്റ്റേഷനില്‍ എത്തിയ സംഘത്തെ ജില്ല അധികൃതരും പൊലീസും ചേര്‍ന്ന് തടയുകയായിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതായും മടങ്ങിപ്പോകണമെന്നുമായിരുന്നു പൊലീസിന്റെ ആവശ്യം. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം എംപിമാരെ നിര്‍ബന്ധപൂര്‍വ്വം ഹൗറയിലേക്കുളള ശതാബ്ദി എക്‌സ്പ്രസില്‍ കയറ്റി വിടുകയും ചെയ്തു. ജനങ്ങളെ ആശ്വസിപ്പിക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അവര്‍ക്ക് ആത്മവിശ്വാസം പകരാനുമാണ് തങ്ങള്‍ എത്തിയതെന്നും എന്നാല്‍ സര്‍ക്കാര്‍ നടപടി നിരാശാജനകമാണെന്നും എംപിമാര്‍ പ്രതികരിച്ചു.

കലാപവുമായി ബന്ധപ്പെട്ട് നൂറിലധികം പേര്‍ക്കെതിരേ കേസെടുത്തിട്ടും പത്തോളം പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കലാപകാരികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്. നേരത്തെ കലാപവുമായി ബന്ധപ്പെട്ട് ബിഎസ്എഫിനെ പഴിചാരി രക്ഷപെടാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ശ്രമം നടത്തിയിരുന്നു. മാല്‍ഡയില്‍ നടന്നത് വര്‍ഗീയ കലാപമല്ലെന്നും ബിഎസ്എഫും പ്രദേശവാസികളും തമ്മിലുണ്ടായ സംഘര്‍ഷമാണെന്നുമായിരുന്നു മമതയുടെ വിശദീകരണം. മാദ്ധ്യമങ്ങളാണ് ഇതിനെ വര്‍ഗീയ സംഘര്‍ഷമായി വ്യാഖ്യാനിച്ചതെന്നും മമത പറഞ്ഞിരുന്നു.

കലാപകാരികള്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത് അടക്കമുള്ള തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ബിഎസ്എഫിനെ പഴിചാരി രക്ഷപെടാനുളള മുഖ്യമന്ത്രിയുടെ നീക്കത്തിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് എംപിമാരുടെ സംഘത്തെ പൊലീസ് തടഞ്ഞത്. നേരത്തെ ബിജെപി എംഎല്‍എമാര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ ഒരുങ്ങിയതും പൊലീസ് വിലക്കിയിരുന്നു.

ഉത്തര്‍പ്രദേശില്‍ കമലേഷ് തിവാരിയെന്ന ഹിന്ദു മഹാസഭ നേതാവ് പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം മുസ്്‌ലിം വിശ്വാസികള്‍ മാല്‍ഡയില്‍ കലാപമുണ്ടാക്കിയത്. പൊലീസ് സ്‌റ്റേഷന്‍ അക്രമിച്ച സംഘം പൊലീസ് വാഹനങ്ങള്‍ അടക്കം പന്ത്രണ്ടോളം വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കമലേഷ് തിവാരിയെ ഒരു മാസം മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും ഇതിന്റെ പേരില്‍ മനപ്പൂര്‍വ്വം കലാപം സൃഷ്ടിച്ചതാണ് സംശയത്തിന് വഴിവെക്കുന്നത്. കലാപത്തിന് ജനങ്ങളെ ആഹ്വാനം ചെയ്യുന്ന നേതാക്കളുടെത് അടക്കമുളള ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിരുന്നു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close