
കൊൽക്കത്ത : ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യചർച്ചകൾ പുരോഗമിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ബംഗാൾ സംസ്ഥാന സെക്രട്ടറിയുമായ സൂര്യകാന്ത് മിശ്ര. ഇനി തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാന്റാണെന്നും മിശ്ര ഹൗറയിൽ പറഞ്ഞു.
ഭീകരവാദവും തൊഴിലില്ലായ്മയും മമത ഭരണത്തിൽ തഴച്ചു വളരുകയാണെന്ന് മിശ്ര ആരോപിച്ചു . വികസനം നടക്കുന്നേയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി . ബംഗാളിനെ തൃണമൂൽ ഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ ഒരുമിച്ച് നിൽക്കണമെന്ന് താൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇനി തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്നും മിശ്രം പറഞ്ഞു,
ഹൈക്കമാന്റുമായി വിഷയം ചർച്ച ചെയ്യാൻ സമയമെടുത്തേക്കാം . പക്ഷേ എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുന്നതാണ് ബംഗാളിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ മുക്ത ബംഗാൾ , ബിജെപി മുക്ത ഇന്ത്യ എന്നതാണ് സിപിഎമ്മിന്റെ മുദ്രാവാക്യമെന്നും മിശ്ര വ്യക്തമാക്കി.
കോൺഗ്രസുമായുള്ള സഖ്യസാദ്ധ്യതകൾ ചർച്ച ചെയ്യണമെന്ന് കൊൽക്കത്ത പ്ലീനത്തിൽ ആവശ്യമുയർന്നിരുന്നു . സഖ്യത്തെപ്പറ്റിയുള്ള ചർച്ചകൾ പിന്നീട് നടക്കുമെന്നാണ് പാർട്ടി വ്യക്തമാക്കിയതെങ്കിലും രഹസ്യ ചർച്ചകൾ ഇതിനകം തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.