തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ആവശ്യമില്ലെന്ന് കാട്ടി സുപ്രീംകോടതിയില്‍ ആദ്യം സത്യവാങ്മൂലം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍. വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ 2008 ലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.
ജി സുധാകരന് ദേവസ്വം മന്ത്രിയായിരിക്കെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിവാദമായ നിലപാട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലമായി സമര്‍പ്പിച്ചത്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ നിയന്ത്രണം ആവശ്യമില്ലെന്നും വിഷയം പഠിക്കാന്‍ കമ്മീഷനെ വെയ്ക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കൂടാതെ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക സീസണ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് പോലും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഒരേ മതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്ക്കും തുല്യ ആരാധനാ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍, വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നിലപാട് കോടതിയില്‍ സ്വീകരിച്ചത്. പുരുഷന് ഭരണഘടനാപരമായും സാമൂഹികമായും എവിടെയെല്ലാം കടന്നുചെല്ലാമോ അവിടെയൊക്കെ സ്്ത്രീകള്‍ക്കും പ്രവേശിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി ജി. സുധാകരന്റെ വാദം.
അന്നും സര്‍ക്കാരിന്റെ നിലപാടുകളെ ബിജെപിയും ഹിന്ദു ഐക്യവേദിയും ശക്തമായി എതിര്‍ത്തിരുന്നു. ഇത് മറച്ചുവെച്ചാണ് കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി നിരീക്ഷണത്തിന്റെ പേരില്‍ യുഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രക്ഷപെടാന്‍ എല്‍ഡിഎഫും സിപിഎമ്മും ശ്രമിക്കുന്നത്.