മുംബൈ : അധോലോക നായകരുടെ പേടി സ്വപ്നമായിരുന്ന മുംബൈ പോലീസിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ദയാനായക് സർവ്വീസിൽ തിരിച്ചെത്തി. അനുവാദമില്ലാതെ നീണ്ട അവധിയെടുത്തതിന് കഴിഞ്ഞ വർഷമാണ് ദയാനായകിനെ സസ്പെൻഡ് ചെയ്തത്.
എൺപതോളം അധോലോക ഗുണ്ടകളെ ഏറ്റുമുട്ടലിൽ വധിച്ചയാളാണ് ദയാനായക് . വിനോദ് മട്കർ ,റാഫീഖ് ദബ്ബ , സാദിക് കാലിയ തുടങ്ങിയ കുപ്രസിദ്ധ ഗുണ്ടകളെ കൊലപ്പെടുത്തിയത് അദ്ദേഹമാണ് . മൂന്ന് ലഷ്കർ ഭീകരരേയും നായക് വകവരുത്തിയിട്ടുണ്ട് .
1995 ലാണ് ദയാ നായകിന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് .ജൂഹുവിൽ ചുമതലവഹിക്കുന്നതിനിടെ 1996 ഡിസംബറിൽ ചോട്ടാ രാജൻ ഗ്യാങ്ങിലെ രണ്ട് ഗുണ്ടകളെ വധിച്ചു കൊണ്ടായിരുന്നു തുടക്കം . ഒരു വർഷത്തിനു ശേഷം നടന്ന മറ്റൊരു ഏറ്റുമുട്ടലിനിടെ നായകിന് മാരകമായി മുറിവേറ്റെങ്കിലും രക്ഷപ്പെട്ടു
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ 2006 ൽ അറസ്റ്റിലായെങ്കിലും തെളിവില്ലെന്ന കാരണത്താൽ നായകിനെ വെറുതെ വിടുകയായിരുന്നു. അധോലോക സംഘങ്ങളുമായി ബന്ധമുള്ള മറ്റ് ചില ഉദ്യോഗസ്ഥരാണിതിന് പിന്നിലെന്ന് നായകിന്റെ ആരാധകർ ആരോപണം ഉന്നയിച്ചിരുന്നു.
ആറ് വർഷം സസ്പെൻഷനിൽ കഴിഞ്ഞ നായകിനെ 2012 ലാണ് തിരിച്ചെടുത്തത്. രണ്ട് വർഷം കഴിഞ്ഞ് നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയെങ്കിലും അദ്ദേഹം ജോലിക്ക് ഹാജരായിരുന്നില്ല . ഇതായിരുന്നു പുതിയ സസ്പെൻഷന് വഴി തെളിച്ചത്.