തിരുവനന്തപുരം: ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധിയ്ക്ക് അനുകൂല പ്രസ്താവന നടത്തിയതിനാണ് നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ നിര്‍ദ്ദേശം.
ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതിയുടെ വിധി നല്ലതാണെന്നാണ് ജേക്കബ് തോമസ് വിശേഷിപ്പിച്ചത്. ജനങ്ങള്‍ അഴിമതി ആഗ്രഹിക്കുന്നില്ല. അപ്പോള്‍ ഉദ്യോഗസ്ഥരും അതിനൊത്ത് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രസ്താവനയ്ക്കെതിരെ ഡി.ജി.പി. ടി.പി.സെന്‍കുമാര്‍ രംഗത്തെത്തിയപ്പോള്‍ താനും ഐ.പി.എസ്സുകാരനാണെന്ന് ജേക്കബ് തോമസ് തിരിച്ചടിച്ചിരുന്നു. കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയായിരിക്കെ ജേക്കബ് തോമസ് നടത്തിയ സര്‍ക്കാരിനെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്.
അതേസമയം, തന്റെ നിലപാടുകളില്‍ ഉറച്ചുനിന്ന ജേക്കബ് തോമസ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കുമുന്നില്‍ സെല്ലോ ടേപ്പുമായി എത്തിയിരുന്നു. മാധ്യമങ്ങള്‍ക്കു മുന്നില്‍ വായമൂടി നില്‍ക്കാനാണ് സെല്ലോ ടേപ് കരുതിയതെന്നും മാധ്യമങ്ങളെ കാണുമ്പോള്‍ ചില സത്യങ്ങള്‍ പറയാതിരിക്കാനാകുന്നില്ലെന്നും ജേക്കബ് തോമസ് ആഞ്ഞടിച്ചു. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയും ജേക്കബ് തോമസിനോട് വിശദീകരണം നല്കാന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയുമായിരുന്നു.
നേരത്തെ, ഫയര്‍ഫോഴ്സില്‍ നിന്ന് തന്നെ മാറ്റിയതിന് പിന്നില്‍ ഫ്ലാറ്റ് മാഫിയയാണെന്ന് സംശയിക്കുന്നതായി ജേക്കബ് തോമസ് നടത്തിയ പരാമര്‍ശത്തിനും അദ്ദേഹത്തിനു സര്കാരില് നിന്നും കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു.