ന്യൂഡൽഹി : പോലീസ് സ്റ്റേഷനും അതിർത്തി രക്ഷാസേനയുടെ വാഹനങ്ങളും ആക്രമിക്കപ്പെട്ട ബംഗാളിലെ മാൽഡ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരത്തെ കുപ്രസിദ്ധമെന്ന് റിപ്പോർട്ട്.ഭാരതത്തിലേക്ക് കയറ്റിവിടുന്ന കളളനോട്ടുകളിൽ 90 ശതമാനവും വരുന്നത് മാൽഡ വഴിയാണെന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കണ്ടെത്തിയിട്ടുണ്ട്.
കളളനോട്ട് കടത്തിന്റെ പേരിൽ ബി എസ് എഫ് അറസ്റ്റ് ചെയ്തവരിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെട്ടത് .ആയിരത്തഞ്ഞൂറ് കോടിയോളം രൂപയുടെകളളനോട്ടുകളാണ് മാൽഡ അതിർത്തി വഴി ഭാരതത്തിലെത്തിയത് . ഇതിൽ ഭൂരിഭാഗവും പ്രിന്റ് ചെയ്യുന്നത് പാകിസ്ഥാനിലാണ് . ബംഗ്ലാദേശിലെത്തിക്കുന്ന കളളനോട്ടുകൾ പിന്നീട് മാൽഡ വഴിയാണ് ഭാരതത്തിലെത്തിക്കുന്നത് .
കഴിഞ്ഞ വർഷം ബർദ്വാനിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെ ഭാഗമായി നടന്ന അന്വേഷണത്തിലും മാൽഡ പരാമർശ വിഷയമായിരുന്നു . മാൽഡ , മൂർഷിദാബാദ് തുടങ്ങിയ ഗ്രാമങ്ങൾ ബർദ്വാൻ സ്ഫോടനം നടത്തിയ തീവ്രവാദ സംഘടന രൂപീകരിക്കാനുദ്ദേശിച്ച ഇസ്ലാമിക രാജ്യത്തിന്റെ ഭാഗമായും ഉൾപ്പെടുത്തിയിരുന്നു.