തിരുവനന്തപുരം: ലാവ് ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയതോടെ കേരളം കണ്ട ഏറ്റവും വലിയ അഴിമതികളില്‍ ഒന്ന് വീണ്ടും ചര്‍ച്ചയാവുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്‌ട്രീയ നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഉപഹര്‍ജിയെന്ന് വ്യക്തമാകുമ്പോഴും സിപിഎമ്മിനും പിണറായിക്കും ഇത് നല്‍കുന്ന തിരിച്ചടി ചെറുതാകില്ലെന്നാണ് വിലയിരുത്തല്‍.
സര്‍ക്കാര്‍ നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിക്കഴിഞ്ഞു. രണ്ട് വര്‍ഷം സമയം ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാഞ്ഞതെന്ന് ചോദിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ്എസിനെയും വിഷയത്തിലേക്ക് വലിച്ചിഴയ്‌ക്കാന്‍ ശ്രമം നടത്തി. ആര്‍എസ്എസും ഉമ്മന്‍ചാണ്ടിയും നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്ന് ആരോപിച്ച കോടിയേരി സോളാര്‍ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമാണിതെന്നും ചൂണ്ടിക്കാട്ടി.
അതേസമയം കേസില്‍ ഉപഹര്‍ജി നല്‍കിയ സര്‍ക്കാര്‍ നടപടി വൈകി വന്ന വിവേകമാണെന്ന് ബിജെപി നേതാവ് എംടി രമേശ് ചൂണ്ടിക്കാട്ടി. ഹര്‍ജി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനുളള ബാദ്ധ്യത സര്‍ക്കാരിനുണ്ട്. കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് സിപിഎം നേതൃത്വം ശ്രമിച്ചത് നേരത്തെ ജനങ്ങള്‍ മനസിലാക്കിയിട്ടുള്ളതാണ്. ഈ വൈകിയ അവസരത്തിലും അത്തരമൊരു ഗൂഢാലോചന ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എറണാകുളം പ്രസ് ക്ലബ്ബില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ എം.ടി രമേശ് പറഞ്ഞു.
അതേസമയം പിണറായിയുടെ ആരോപണങ്ങള്‍ക്ക് അതേ നാണയത്തിലാണ് കോണ്‍ഗ്രസ് മറുപടി പറഞ്ഞത്. കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ വിഷയം സര്‍ക്കാര്‍ കുത്തിപ്പൊക്കി എന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും കെപിസിസി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു. സിബിഐയുടെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ട്. എന്നാല്‍ എന്തോ കാരണത്താല്‍ അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ കേസിലെ കക്ഷിയായ സംസ്ഥാന സര്‍ക്കാരിന് അക്കാര്യം ആവശ്യപ്പെടാവുന്നതാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
നീതി വൈകുന്നതാണ് തെറ്റ്. നീതി എത്രയും വേഗം നടപ്പിലാക്കുകയെന്നത് ആവശ്യമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നടപടിയില്‍ അസാധാരണമായത് ഒന്നുമില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. കേസില്‍ നടപടികള്‍ വൈകുന്നത് തന്റെ രാഷ്‌ട്രീയ ഭാവിയെ ബാധിക്കുമെന്ന് കാട്ടി പിണറായി തന്നെ നേരത്തെ നേരിട്ട് നിയമസംവിധാനങ്ങളെ സമീപിച്ചിരുന്നു. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നടപടിയെ എതിര്‍ക്കുന്നത് ചോദ്യം ചെയ്യപ്പെട്ടാല്‍ സിപിഎമ്മിന് ഉത്തരം മുട്ടും.















