ലാഹോര്‍: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാകിസ്ഥാനില്‍ നടന്ന റെയ്ഡിലാണ് ഇയാള്‍ പിടിക്കപ്പെട്ടതെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
റെയ്ഡില്‍ പാകിസ്ഥാനിലെ ജയ്ഷ് ഇ മുഹമ്മദിന്റെ കെട്ടിടങ്ങളും ഓഫീസുകളും പൂട്ടി സീല്‍ വച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. വ്യോമസേന താവളം ആക്രമിച്ചതിന് പിന്നില്‍ ജയ്ഷ് ഇ മുഹമ്മദ് ആണെന്ന് പാകിസ്ഥാന് നല്കിയ തെളിവുകളില്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതേസമയം, പത്താന്‍കോട്ട് ആക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി പാക് അന്വേഷണ സംഘം ഇന്ത്യയിലും എത്തിയേക്കുമെന്ന സൂചനയും ഉണ്ട്. ഇക്കാര്യം പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.