കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഷുക്കൂര്‍ വധക്കേസും. കേസില്‍ വിചാരണയ്‌ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. ലാവ്് ലിന്‍ കേസിനും കതിരൂര്‍ മനോജ് വധക്കേസിനും പിന്നാലെയാണ് ഷുക്കൂര്‍ വധക്കേസിലും പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടികള്‍ ശക്തമാകുന്നത്.
കേസിലെ പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ,ടി.വി രാജേഷ് എംഎല്‍എ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് 2013 ല്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തത്. .2012 ഫെബ്രുവരി 20 നാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത് .
സിപിഎം-ലീഗ് സംഘര്‍ഷം നിലനിന്ന അരിയില്‍ സന്ദര്‍ശനത്തിന് എത്തിയ പി. ജയരാജനെയും ടി.വി രാജേഷിനെയും ലീഗ് പ്രവര്‍ത്തകര്‍ തടയുകയും ഇവരുടെ വാഹനം അക്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായി ഷുക്കൂറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. പി. ജയരാജനും ടി.വി രാജേഷും ഉള്‍പ്പെടെ 33 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. കേസില്‍ 2012 ഓഗസ്റ്റ് 24 ന് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ലാവ്‌ലിന്‍ കേസില്‍ പിണാറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരേ നല്‍കിയ ഹര്‍ജികളില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് ഷുക്കൂര്‍ വധക്കേസിലെ വിചാരണയ്‌ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ കോടതി നീക്കിയത്. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ എളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരേ കുരുക്ക് മുറുകുന്നതിനിടയിലാണ് ഈ രണ്ട് കേസുകളിലെയും തുടര്‍ നടപടികളും ഉണ്ടാകുന്നത്.