NewsKerala

സിസ്റ്റര്‍ അമലയുടെ കൊലപാതകം: ബലാത്സംഗവും നടന്നതായി ഫൊറന്‍സിക് റിപ്പോര്‍ട്ട്

കോട്ടയം: പാല ലിസ്യൂ കോണ്‍വെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അമല ബലാത്സംഗത്തിനിരയായിരുന്നതായി ഫൊറന്‍സിക് റിപ്പോര്‍ട്ട്. അമല മരിച്ച ശേഷം ബലാത്സംഗം ചെയ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തില്‍ കൊലപാതകത്തിന് പുറമേ ബലാത്സംഗ വകുപ്പും കൂടി ചുമത്തിയാണ് പാല മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ സെപ്തംബര്‍ 17 നാണ് ലിസ്യൂ കാര്‍മല്‍ കോണ്‍വെന്റിലെ കിടപ്പുമുറിയില്‍ സിസ്റ്റര്‍ അമലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പ്രാര്‍ഥനയ്ക്ക് കാണാഞ്ഞതിനാല്‍ അന്വേഷിച്ചു ചെന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടുവെന്നായിരുന്നു മഠത്തിന്റെ വിശദീകരണം. തൊട്ടടുത്തുള്ള ആശുപത്രിയിലെ ഡോക്ടര്‍ എത്തിയാണ് മരണം സ്ഥിരീകരിച്ചതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആദ്യം മുതല്‍ തന്നെ അമലയുടെ മരണത്തില്‍ ചില സംശയങ്ങള്‍ ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ഇതാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബലപ്പെടുന്നത്.

കൊല്ലപ്പെട്ടശേഷം അമല മാനഭംഗത്തിനിരയായെന്ന സൂചനയാണ് ഫൊറന്‍സിക് പരിശോധനയില്‍ തെളിയുന്നത്. ഭാരമുള്ള വസ്തുകൊണ്ട് സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചുകൊന്നുവെന്നാണ് നിലവിലുള്ള കേസ്. ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ 376-ാം വകുപ്പും ചേര്‍ത്താണ് പാല ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സിസ്റ്റര്‍ അമല കൊല ചെയ്യപ്പെട്ട ശേഷം കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബുവിനെ അന്വേഷണ സംഘം ഏതാനും ദിവസങ്ങള്‍ക്കകം ഹരിദ്വാറില്‍ നിന്ന് പിടികൂടിയിരുന്നു. വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയിട്ടും ഒരിക്കല്‍ പോലും അമലയെ മാനഭംഗപ്പെടുത്തിയതായി ഇയാള്‍ വെളിപ്പെടുത്തിയിരുന്നില്ല. മഠങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്തുന്ന ആളാണെന്നും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായതെന്നുമായിരുന്നു പൊലീസ് ഭാഷ്യം. ഹരിദ്വാറിലെ ബന്ധുവീട്ടിലായിരുന്നു ഇയാളെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ മദര്‍ സുപ്പീരിയറിന്റേതടക്കം മഠം അധികൃതര്‍ നല്‍കിയ പല വിശദീകരണങ്ങളിലും പൊരുത്തക്കേടുകള്‍ ആദ്യം മുതല്‍ തന്നെ ദൃശ്യമായിരുന്നു. മഠത്തില്‍ അതിക്രമിച്ചു കടന്ന ആരോ ആകാം അമലയുടെ മരണത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് ഇവര്‍ നല്‍കിയത്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ള നീക്കമാണിതെന്ന സംശയങ്ങളും ആദ്യം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. മഠത്തില്‍ അര്‍ധരാത്രി ആരെയൊ കണ്ടതായി ഒരു സിസ്റ്റര്‍ പറഞ്ഞെങ്കിലും അപ്പോള്‍ തന്നെ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നത് അടക്കമുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു.

ഒരുവര്‍ഷം മുന്‍പ് സമാനമായ രീതിയില്‍ ചേറ്റുതോട് മഠത്തില്‍ മറ്റൈാരു സിസ്റ്റര്‍ കൊലചെയ്യപ്പെട്ടിരുന്നു. ഈ കാലപാതകവും നടത്തിയത് താനാണെന്ന് സതീഷ് ബാബു പൊലീസിനോട് സമ്മതിച്ചിരുന്നു. തുടര്‍ന്ന് കന്യാ്‌സ്ത്രീയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയെങ്കിലും ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ ഈ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ കേസില്‍ ഊര്‍ജിതമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു.

2 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close