ദുബായ്: യാത്രക്കാരുടെ എണ്ണത്തില്‍ ദുബായ് വിമാനത്താവളം വീണ്ടും ഒന്നാമത്. 2015 ല്‍ 7.7 കോടിയോളം യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ദുബായ് വിമാനത്താവളം ഈ പദവി സ്വന്തമാക്കുന്നത്.
2014 ല്‍ ആണ് ലോകത്തില്‍ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന ഖ്യാതിയുണ്ടായിരുന്ന ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെ പിന്തള്ളി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാമത് എത്തിയത്. പ്രതിമാസം ശരാശരി 65 ലക്ഷം യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോകുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഡിസംബറിലെ തിരക്ക് കൂടി പരിഗണിച്ചാല്‍ കഴിഞ്ഞ വര്‍ഷം വിമാനത്താവളം ഉപയോഗിച്ചവരുടെ എണ്ണം 7.7 കോടിയോളം ആണ്. യാത്രക്കാരുടെ എണ്ണത്തില്‍ 4.7 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കന്‍ നാടുകളിലേക്കും എമിറേറ്റ്സ് വിമാനങ്ങള്‍ കൂടുതല്‍ സര്‍വീസുകളും നടത്തിയിരുന്നു.
യാത്രക്കാരുടെ എണ്ണത്തില്‍ മാത്രമല്ല ചരക്ക് നീക്കത്തിലും കഴിഞ്ഞ വര്‍ഷം ദുബായ് വിമാനത്താവളത്തില്‍ നേട്ടമുണ്ടായി. 22,87,167 കിലോ കാര്‍ഗോയാണ് ദുബായ് വിമാനത്തവളം വഴി കടന്നു പോയത്.