ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഖത്തർ സന്ദർശിക്കാൻ ക്ഷണം. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമീദ് അൽതാനി നേരിട്ടാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചു.
ടെലിഫോണിലൂടെയാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്. ഖത്തർ സന്ദർശിക്കാനുളള ക്ഷണം സ്വീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭാരതത്തിന്റെ സാമ്പത്തിക – വ്യാവസായിക വളർച്ചയ്‌ക്ക് കൂടുതൽ ഊർജ്ജം പകരുന്നതാകും പ്രധാനമന്ത്രിയുടെ ഖത്തർ സന്ദർശനം.
സുരക്ഷ, പ്രതിരോധം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം ഉറപ്പാക്കുന്ന പ്രാഥമിക ചർച്ചകൾ നടന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പൗരൻമാരുടെ താൽപര്യങ്ങൾക്കും സുരക്ഷയ്‌ക്കും അതീവ പ്രാധാന്യം നൽകുന്ന ഖത്തർ ഭരണകൂടത്തിന്റെ നടപടികളെ നരേന്ദ്ര മോദി പ്രശംസിച്ചു.
ഖത്തർ അമീറിനെ പ്രധാനമന്ത്രി ഇന്ത്യയിലേക്കും ക്ഷണിച്ചിട്ടുണ്ട്. 2016 മാർച്ചിലാണ് അമീറിന്റെ ഇന്ത്യാ സന്ദർശനം. ഇന്ത്യയും ഖത്തറുമായുളള നയതന്ത്ര ബന്ധത്തിന് പുത്തൻ മാനങ്ങൾ സമ്മാനിക്കുന്നതാകും ഇരുവരുടെയും കൂടിക്കാഴ്ച.