ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ സ്ഫോടനവും വെടിവെയ്പും. പതിനഞ്ചോളം വരുന്ന ആയുധധാരികള്‍ പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാസേനയും അക്രമികളുമായുളള ഏറ്റുമുട്ടല്‍ തുടരുകയാണ്.ഭീകരാക്രമണമാണെന്ന് ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ സംശയം പ്രകടിപ്പിച്ചെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഏറ്റുമുട്ടലില്‍ ഇതുവരെ മൂന്ന് പൊലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര് കൊല്ലപ്പെട്ടു. യുഎന്‍ ഓഫീസിനും പ്രസിഡന്റിന്റെ കൊട്ടാരത്തിനും സമീപമാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഗ്രനേഡ് ഉള്‍പ്പെടെയുളള സ്ഫോടക വസ്തുക്കളുമായിട്ടാണ് അക്രമികള്‍ എത്തിയത്. ആറ് സ്ഫോടനങ്ങള്‍ ഉണ്ടായതായി പൊലീസ് പറഞ്ഞു.
സെന്‍ട്രല്‍ ജക്കാര്‍ത്തയിലെ ട്രാഫിക് പൊലീസ് പോസ്റ്റിന് നേര്‍ക്കും അക്രമികള്‍ ഗ്രനേഡ് എറിഞ്ഞു. പൊലീസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൂചനയുണ്ട്. സുരക്ഷാസേന പ്രത്യാക്രമണം ആരംഭിച്ചതോടെ അക്രമികള്‍ പ്രദേശത്തുളള തീയറ്ററില്‍ അഭയം തേടിയിരിക്കുകയാണ്. തിയറ്റര്‍ പരിസരം പൊലീസ് വളഞ്ഞുകഴിഞ്ഞു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സ്ഥലത്ത് നിന്നും ജനങ്ങളെ ഒഴിപ്പിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ രാജ്യത്ത് ഐഎസ്ഐഎല്‍ ഭീഷണി നിലനിന്നിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇവരാണോ ആക്രമണത്തിന് പിന്നിലെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കെതിരേ അടുത്തിടെ ഇന്‍ഡോനേഷ്യ നടപടികള്‍ ശക്തമാക്കിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണോ ആക്രമണമെന്നും സംശയമുണ്ട്.