ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും നാളെ നടത്താനിരുന്ന വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നീട്ടിവെച്ചു. പാക് വിദേശകാര്യമന്ത്രാലയം ഓഫീസ് വക്താവ് ക്വാസി ഖലീലുള്ളയാണ് ഇസ്ലാമാബാദില് ഇക്കാര്യം അറിയിച്ചത്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച നടക്കുമോയെന്ന കാര്യത്തില്‍ നേരത്തെ തന്നെ സംശയം ഉയര്‍ന്നിരുന്നു.
ഇസ്്ലാമാബാദിലാണ് ചര്‍ച്ച നടത്താനിരുന്നത്. പുതിയ തീയതിക്കായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഖലീലുള്ള വ്യക്തമാക്കി. എന്നാല്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസദിനെ അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത സ്ഥിരീകരിക്കാന്‍ ഖലീലുളള തയ്യാറായില്ല. അത്തരമൊരു അറസ്റ്റ് നടന്നതായി അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പത്താന്‍കോട്ട് ആക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാനില്‍ നിന്നാണെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. ആക്രമണം നടത്താനെത്തിയ തീവ്രവാദികള്‍ പാകിസ്ഥാനിലെ ആസൂത്രകരെ ബന്ധപ്പെട്ടതിന്റെ ടെലിഫോണ്‍ നമ്പരുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും ഇന്ത്യ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ ശക്തമായ നടപടി എടുക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.
ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ രണ്ട് ദിവസം മുന്‍പ് പാകിസ്ഥാന് ജെയ്ഷെ മുഹമ്മദിന്റെ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഏതാനും പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടയിലാണ് മസൂദ് അസദിനെയും കരുതല്‍ തടങ്കലില്‍ എടുത്തതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.