കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിനും കൊട്ടിക്കലാശം. പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ആഴ്ചകള്‍ നീണ്ടു നിന്ന പ്രചാരണം നല്‍കിയ ആത്മവിശ്വാസത്തിലായിരുന്നു മുന്നണികള്‍ കൊട്ടിക്കലാശം കൊഴുപ്പിച്ചത്.
കൊച്ചിയില്‍ മറൈന്‍ ഡ്രൈവ്, കലൂര്‍, കടവന്ത്ര, ഇടപ്പള്ളി തുടങ്ങിയിടങ്ങളിലായിരുന്നു പ്രധാനമായും കൊട്ടിക്കലാശം നടന്നത്. ബിജെപിയുടെയും എല്‍ഡിഎഫിന്റെയും ഒന്നിലധികം ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളും, പ്രവര്‍ത്തകരും ഓരോ കേന്ദ്രങ്ങളില്‍ ഒത്തുകൂടി കൊട്ടിക്കലാശം ആവേശത്തിലാക്കിയപ്പോള്‍ ഓരോ ഡിവിഷനും കേന്ദ്രീകരിച്ചായിരുന്നു യു ഡി എഫിന്റെ പരസ്യപ്രചാരണ സമാപനം.
തൃശൂരില്‍ സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കൊടുങ്ങല്ലൂരിലും ചാവക്കാടും കൊട്ടിക്കലാശത്തിന് പൊലീസ് അനുമതി നല്‍കിയില്ല. പത്തനംതിട്ടിയില്‍ എല്‍ഡിഎഫും യുഡിഎഫും നഗരത്തിലെ കൊട്ടി കലാശത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ വാര്‍ഡ് തോറുമുള്ള പ്രചാരണത്തിനാണ് ബിജെപി ശ്രദ്ധകേന്ദ്രീകരിച്ചത്.
മലപ്പുറത്ത് ബിജെപിയടക്കം വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണത്തിന്റെ സമാപനം ആഘോഷിച്ചത്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ഒരു പോയിന്റില്‍ കൊട്ടിക്കലാശം വേണ്ടെന്ന് നേരത്തെ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനിച്ചിരുന്നു. യുഡിഎഫിന്റെ ഭാഗമായ ലീഗും കോണ്‍ഗ്രസും 25 പഞ്ചായത്തുകളിലും ഒരു ബ്‌ളോക്കിലും കൊണ്ടോട്ടി നഗരസഭയിലേക്കും പരസ്പരം ഏറ്റുമുട്ടുന്നുവെന്നതാണ് മലപ്പുറത്തെ പ്രത്യേകത.
ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. വീടുകളിലെത്തി വോട്ടര്‍മാരെ ഒരിക്കല്‍ കൂടി നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനുളള അവസാന ശ്രമത്തിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും.