തിരുവനന്തപുരം: രാജ്യം ആദരവോടെ നല്കിയ പുരസ്കാരങ്ങള്‍ തിരികെ നല്‍കുന്നത് ബലഹീനതയാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും തമിഴ് സാഹിത്യകാരനുമായ അ. മാധവന്. ജനം ടിവിയുടെ കയ്യൊപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യരംഗത്തെ പ്രാഗല്ഭ്യം അംഗീകരിച്ചാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പടെയുളള പുരസ്കാരം നല്‍കുന്നത്. മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് ഇത് തിരിച്ചുകൊടുക്കുന്നത് സ്വന്തം സൃഷ്ടിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിലൂടെ സ്വന്തം കഴിവിനെയാണ് സാഹിത്യകാരന്മാര് അപമാനിക്കുന്നതെന്നും അ. മാധവന് കൂട്ടിച്ചേര്‍ത്തു.
ജവഹര്‍ലാല്‍ നെഹ്റുവും, ഡോ. എസ്. രാധാകൃഷ്ണനും അടക്കമുളള പ്രഗല്ഭര് രൂപം നല്‍കിയതാണ് കേന്ദ്ര സാഹിത്യ അക്കാദമി. അന്ന് 12 ഭാഷകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോ 24 ഭാഷകള്‍ ഉണ്ട്. ഓരോ ഭാഷയ്ക്കും പ്രത്യേകം കമ്മറ്റികളും നിലവിലുണ്ട്. ആ കമ്മറ്റികളില്‍ കയറിക്കൂടി സ്ഥാനമാനങ്ങള്‍ നേടിയിട്ടാണ് പുരസ്കാരം തിരിച്ചു നല്‍കുന്നതെന്നും അ. മാധവന് പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി രാജ്യത്തിന്റെ അംഗീകാരം തിരസ്കരിക്കുന്ന പ്രവണത കൂടുതല്‍ കാണുന്നത്
മലയാള സാഹിത്യകാരന്മാര്ക്കിടയിലാണ്. സംഗീതത്തെയും സാഹിത്യത്തെയും രാഷ്ട്രീയം കടന്നാക്രമിക്കാന്‍ പാടില്ല. അതുകൊണ്ട് തന്നെ ഇത്തരക്കാരുടെ നിഷേധാത്മക നിലപാടുകള്‍ മുന്‍തലമുറയോടും രാജ്യത്തോടുമുളള അനാദരവാണെന്നും അ. മാധവന് വ്യക്തമാക്കി. ഇത് ഒട്ടും ആശാസ്യമായ കാര്യമല്ലെന്നും അ. മാധവന് പറഞ്ഞു.
തമിഴ് സാഹിത്യത്തിന് നല്കിയ സംഭാവനകള്‍ മാനിച്ചാണ് അ. മാധവന് ഇക്കുറി കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. അഭിമുഖം വെളളിയാഴ്ച രാത്രി 10ന് സംപ്രേഷണം ചെയ്യും.