ലഖ്നൗ : ഒന്നിൽക്കൂടുതൽ ഭാര്യമാരുണ്ടെങ്കിൽ ഉറുദു ടീച്ചറാകാൻ പറ്റില്ലെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നിയമം വിവാദമാകുന്നു . നിയമത്തിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തി . തീരുമാനം മുസ്ളിം വ്യക്തി നിയമത്തിനെതിരാണെന്ന് മുസ്ലിം പേർസണൽ ലോ ബോർഡും വ്യക്തമാക്കി
ഉറുദു ടീച്ചർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ എത്ര ഭാര്യമാരുണ്ടെന്ന് വെളിപ്പെടുത്തണമെന്നും ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ടെങ്കിൽ അത് അയോഗ്യതയാണെന്നും സർക്കാർ നിയമത്തിൽ പറയുന്നു. മറ്റൊരു ഭാര്യയുള്ള ആളുടെ ഭാര്യയാകുന്ന സ്ത്രീക്കും അപേക്ഷിക്കാൻ അർഹതയില്ലെന്ന് നിയമത്തിൽ പറയുന്നു.
3,500 ഉറുദു ടീച്ചർമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിയത് ഈയിടെയാണ് . ഇത് സംബന്ധിച്ചാണ് യു പി സർക്കാരിന്റെ നിയമം വന്നത് . എന്നാൽ സർക്കാർ തീരുമാനം മുസ്ലിം നിയമത്തിനും അവരുടെ അവകാശത്തിനും എതിരാണെന്ന് മുസ്ലിം പേർസണൽ ലോ ബോർഡ് അഭിപ്രായപ്പെട്ടു.
ഇസ്ലാമിൽ നാലു കല്യാണം കഴിക്കാൻ അനുവാദമുണ്ടെന്നും അത് കൊണ്ട് ഇത്തരം നിയമങ്ങൾ ജോലിക്കാവശ്യമായ നിബന്ധനകളിൽ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്നും മുസ്ലിം പേർസണൽ ലോ ബോർഡ് അംഗവും ലഖ്നൗ ഈദ് ഗാഹ് ഇമാമുമായ മൗലാന ഖാലിദ് റഷീദ് വ്യക്തമാക്കി.
എന്നാൽ അദ്ധ്യാപകൻ മരിച്ചാൽ ആർക്ക് പെൻഷൻ കൊടുക്കണം എന്ന സംശയം ഒഴിവാക്കാനും അതിന്റെ പേരിലുള്ള നിയമ നടപടികൾ ഒഴിവാക്കാനുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യു പി വിദ്യാഭ്യാസ മന്ത്രി അഹമ്മദ് ഹസൻ പറഞ്ഞു.
ഈ നിയമം ഉറുദു അദ്ധ്യാപകർക്ക് മാത്രമല്ല എല്ലാ അദ്ധ്യാപകർക്കും ബാധകമാണെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.