ദുബായ്: അജ്മന് പുറങ്കടലില്‍ കുടുങ്ങിക്കിടക്കുന്ന മൂന്ന് ചരക്കുകപ്പലുകളിലെ 21 ഇന്ത്യന്‍ നാവികര്‍ എട്ട് മാസത്തോളമായി വേതനം ലഭിക്കാതെ ദുരിതത്തില്‍. മുംബൈ, തമിഴ്നാട് ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുളളവരാണ് ഇവര്‍. കുവൈറ്റിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രശ്നത്തില്‍ ഇടപെട്ട് കപ്പല്‍ ഉടമയുമായി ധാരണയിലെത്തിയിരുന്നെങ്കിലും ഇയാള്‍ പിന്നെയും മുങ്ങുകയായിരുന്നു.
കഴിഞ്ഞ മെയ് 26 ന് കുവൈറ്റ് തുറമുഖത്തുനിന്ന് ചരക്കുമായി പുറപ്പെട്ട് അജ്മനില് എത്തിയ ഓര്‍ക്കിഡ് 1, ഓര്‍ക്കിഡ് 2, ഓര്‍ക്കിഡ് 3 എന്നീ കപ്പലുകളിലാണ് ഇന്ത്യക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ വേതനം ലഭിക്കാതെ കുടുങ്ങിക്കിക്കുന്നത്. യുഎഇ തീരത്ത് ഇറങ്ങാനുള്ള യാത്രാ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് കരയ്ക്ക് ഇറങ്ങാനും സാധിക്കുന്നില്ല.
ഗോവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ കപ്പലുകളുടെ ഉടമ കുവൈറ്റി പൗരനായ അബുല്‍ റിഹ്ദ അബ്ദുള്ളയാണ്. ഏറെക്കാലമായി ഇയാളെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. കപ്പലുകളുടെ ലോക്കല്‍ ഏജന്റായ അജ്മാന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബ്ലു ബേര്‍ഡ് LLC എന്ന ഷിപ്പിംഗ് കമ്പനിയാണ് ഇപ്പോള്‍ ഇവര്‍ക്ക് ഭക്ഷണവും, വെള്ളവും, ഡീസലും എത്തിക്കുന്നത്. എന്നാല്‍ കപ്പലുടമ കൃത്യമായി പണം നല്കാത്തതിനാല് ഇത് എത്ര കാലം തുടരുമെന്നും ഇവര്‍ക്ക് നിശ്ചയമില്ല.
മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാല്‍ നാട്ടിലുള്ള കുടുംബവും പട്ടിണിയിലാണെന്ന് ഒരു കപ്പലിലെ ചീഫ് എന്‍ജിനീയറും ജാര്‍ഖണ്ഡ് സ്വദേശിയുമായ സുഭാത് മിശ്ര ജനം ടി.വി യോട് പറഞ്ഞു. പസഫിക് ദ്വീപ് രാജ്യമായ പലാവുവിലാണ് കപ്പലുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ കുവൈറ്റിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രശ്നത്തില്‍ ഇടപെട്ട് ഉടമയുമായി ധാരണയില്‍ എത്തിയിരുന്നെങ്കിലും ്അതിന് ശേഷം ഇയാളെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ശമ്പളക്കുടിശ്ശികയും വാങ്ങി എത്രയും വേഗം നാട്ടിലെ പ്രിയപ്പെട്ടവരുടെ അടുത്തെത്താന്‍ അധികൃതരുടെ കനിവ് കാത്ത് കഴിയുകയാണ് ഇരുപത്തിയൊന്ന് പേരും.