പത്തനംതിട്ട: സിപിഎമ്മിന് പിന്നാലെ ആറന്മുള സീറ്റ് കോണ്‍ഗ്രസിനും തലവേദനയാകുന്നു. സിറ്റിംഗ് എംഎല്‍എ ശിവദാസന്‍ നായരെ തന്നെ വീണ്ടും രംഗത്തിറക്കാന്‍ നീക്കം സജീവമായിരിക്കെ സീറ്റിനായി അവകാശവാദമുന്നയിച്ച് ഡിസിസി അദ്ധ്യക്ഷന്‍ മോഹന്‍രാജും രംഗത്തെത്തി. മാദ്ധ്യമപ്രവര്‍ത്തക വീണ ജോര്‍ജിനെ സ്ഥാനാര്‍ഥിയായി രംഗത്തിറക്കാനുളള സിപിഎം നീക്കം അണികളുടെ പ്രതിഷേധത്തിന് വഴിവെച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിനും സ്ഥാനാര്‍ഥി തര്‍ക്കം തലവേദനയാകുന്നത്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഉള്‍പ്പെടെ സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടും അവസാനനിമിഷം തഴയപ്പെട്ട വ്യക്തിയാണ് മോഹന്‍ രാജ്. സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിച്ചാല്‍ മറ്റുളളവര്‍ പ്രവര്‍ത്തിച്ചിട്ട് കാര്യമില്ലെന്നായിരുന്നു ശിവദാസന്‍ നായരെ വീണ്ടും മത്സരിപ്പിക്കാനുളള തീരുമാനത്തെക്കുറിച്ചുളള മോഹന്‍ രാജിന്റെ പ്രതികരണം.
സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ആറന്മുളയില് ശിവദാസന്‍ നായര്‍ പോസ്റ്ററുകള്‍ അച്ചടിച്ച് പ്രചാരണവും തുടങ്ങി. ഇതാണ് മോഹന്‍രാജിനെ കൂടുതല്‍ ചൊടിപ്പിച്ചത്. ആറന്മുള സീറ്റ് നല്‍കാം എന്ന് പറഞ്ഞാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തനിക്ക് സിറ്റ് നിഷേധിച്ചതെന്ന് മോഹന്‍രാജ് ചൂണ്ടിക്കാട്ടുന്നു. 2006 ലും 2011 ലും പലര്‍ക്ക് വേണ്ടിയും പാര്‍ട്ടി തന്നെ മാറ്റി നിര്‍ത്തി. എന്നാല്‍ ഇത്തവണ ആറന്മുളയില് അവസരം നല്‍കുമെന്നാണ് പ്രതിക്ഷയെന്നും മോഹന്‍ രാജ് പറയുന്നു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ മോഹന്‍രാജിനെ അദ്യം പരിഗണിച്ചെങ്കിലും ഒടുവില്‍ മത-സാമുദായിക പരിഗണനയുടെ പേരില്‍ ആന്റോ ആന്റണിക്ക് സീറ്റ് നല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഡിസിസി അദ്ധ്യക്ഷസ്ഥാനം ഒഴിയാന്‍ വരെ മോഹന്‍രാജ് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള സീറ്റ് നല്‍കാം എന്ന ധാരണയില്‍ അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. ഇതിന് ഒടുവിലാണ് വീണ്ടും ശിവദാസന്‍ നായരെ തന്നെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നത്.
വീണ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാനുളള സിപിഎം നീക്കത്തിനെതിരേ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ വരെ പ്രത്യക്ഷപ്പെട്ടിരുന്നു.