കാസര്‍ഗോഡ്: കാസര്‍ഗോഡ് മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ കോടിബൈല്‍ നിവാസികള്‍ക്ക് ഇനി നല്ല റോഡിലൂടെ നടക്കാം. നാളുകളായി പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ നടന്നുവലഞ്ഞ അവര്‍ നന്ദി പറയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്. പിന്നെ ഡിഗ്രി വിദ്യാര്‍ഥി അശ്വല്‍ ഷെട്ടിയോടും. കാരണം അശ്വല്‍ അയച്ച കത്തിലൂടെയാണ് പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടുകയും വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകുകയും ചെയ്തത്.
കോടിബൈല്‍ പ്രദേശത്തെ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ 20 നാണ്് ഉപ്പള സ്വദേശി അശ്വല്‍ ഷെട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഉടന്‍ വിഷയത്തില്‍ ഇടപെടുകയും സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മംഗല്‍പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മംഗല്‍പാടി ഗ്രാമപഞ്ചായത്ത്് 5 ലക്ഷം രൂപ ചെലവില്‍ 200 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ തയ്യാറായത്.
റെയില്‍വെ സൗകര്യം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ സ്വദേശിനിയായ യുവതി പ്രധാനമന്ത്രിക്ക് കത്ത് നല്‍കുകയും അദ്ദേഹം വിഷയത്തില്‍ ഇടപെടുകയും ചെയ്തത് നേരത്തെ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തയായിരുന്നു. ഇതാണ് അശ്വലിനും പ്രചോദനമായത്.
റോഡ് പണി പൂര്‍ത്തിയായതോടെ നാട്ടുകാര്‍ക്കിടയില്‍ അശ്വലും താരമായിരിക്കുകയാണ്. ഏതായാലും മകന്റെ കത്തിലൂടെ നാട്ടുകാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന കാര്യം സാധിച്ചതിന്റെ സന്തോഷത്തിലാണ് അശ്വലിന്റെ മാതാപിതാക്കളും.