തൃശൂര്‍: വടക്കാഞ്ചേരിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിട്ടുളള കെപിഎസി ലളിതയ്ക്കെതിരേ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രകടനം. അന്‍പതോളം പ്രവര്‍ത്തകരാണ് കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സിപിഎമ്മിന്റെ കൊടിയുമായിട്ടായിരുന്നു പ്രകടനം.
നേരത്തെ കെപിഎസി ലളിതയെ സ്ഥാനാര്‍ഥിയാക്കാനുളള നീക്കത്തിനെതിരേ മണ്ഡലത്തില്‍ പോസ്റ്റര്‍ പ്രചാരണം നടന്നിരുന്നു. നേതാക്കളെ തഴഞ്ഞ് സിനിമാ മേഖലയില്‍ നിന്നുളളവരെ സ്ഥാനാര്‍ഥിയാക്കി അവതരിപ്പിക്കുന്നതിനെതിരേ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ശക്തമായ വികാരമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ സിപിഎം നേതൃത്വം തീരുമാനവുമായി മുന്നോട്ടുപോകുകയാണ്. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത്.
പോസ്റ്റര്‍ പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. സ്ഥാനാര്‍ഥിയാകാന്‍ കെപിഎസി ലളിതയെക്കാള്‍ യോഗ്യരായവര്‍ ഉണ്ടെന്ന പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രകടനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെ പേരുള്‍പ്പെടെ സ്ഥാനാര്‍ഥിത്വത്തിനായി പരിഗണിച്ചിരുന്നു. എന്നാല്‍ അവസാനഘട്ടത്തിലാണ് കെപിഎസി ലളിതയുടെ പേര് നേതൃത്വം അവതരിപ്പിച്ചത്.
സ്ഥാനാര്‍ഥിത്വത്തെ അംഗീകരിക്കുന്ന മട്ടിലുളള പ്രസ്താവനയുമായി കഴിഞ്ഞ ദിവസം കെപിഎസി ലളിതയും രംഗത്തെത്തിയിരുന്നു.