ശ്രീനഗര്‍: കാര്‍ഗിലില്‍ ഹിമപാതത്തില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെടുത്തു. തമിഴ്നാട് തിരുനെല്‍വേലിയിലെ വല്ലരമാപുരം സ്വദേശി വിജയകുമാറിന്റെ മൃതദേഹമാണ് മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവില്‍ കണ്ടെടുത്തത്.
വിജയകുമാറിന് ഒപ്പമുണ്ടായിരുന്ന സുജിത് എന്ന സൈനികനെ കഴിഞ്ഞ ദിവസം രക്ഷപെടുത്തിയിരുന്നു. ഇയാളുടെ നില ഇപ്പോള്‍ മെച്ചപ്പെട്ടുവരികയാണ്. പ്രതികൂല കാലാവസ്ഥ മൂലം വിജയകുമാറിനായുളള തെരച്ചില്‍ പലപ്പോഴും തടസപ്പെട്ടിരുന്നു.
റഡാറുകളുടെയും മെറ്റല്‍ ഡിറ്റക്ടറുകളുടെയും സ്നിഫര്‍ ഡോഗുകളുടെയും സഹായത്തോടെയായിരുന്നു വിജയകുമാറിനായി തെരച്ചില്‍ നടത്തി വന്നത്. മഞ്ഞിനടിയില്‍ പന്ത്രണ്ട് അടി താഴ്ചയിലാണ് വിജയകുമാറിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കാര്‍ഗിലില്‍ നിയന്ത്രണരേഖയ്ക്ക് അടുത്ത് നിരീക്ഷണ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് വ്യാഴാഴ്ച രാത്രി കനത്ത മഞ്ഞുവീഴ്ചയുണ്ടായത്. ഹിമപാതത്തില്‍ സുജിത്തും വിജയകുമാറും ഒലിച്ചുപോകുകയായിരുന്നു. കഴിഞ്ഞ ദിവസം മഞ്ഞ് മലകളില്‍ ഹിമപാതത്തിന് സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.