കൊല്ലം: പത്തനാപുരത്തെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന സിനിമാ താരം ജഗദീഷിനെതിരെ കെ.ബി.ഗണേഷ്കുമാര് പൊതുവേദിയില്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. സ്വന്തം അച്ഛന് മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്റ്റേജ് ഷോയുമായി കറങ്ങി നടന്ന ഒരു ഹാസ്യ നടന് മലയാളത്തിലുണ്ടെന്നും സ്നേഹം നടിച്ച് വൈകാതെ നിങ്ങളുടെ സമീപത്തെത്തുമ്പോള്‍ സൂക്ഷിക്കണമെന്നുമായിരുന്നു പരോക്ഷ വിമര്‍ശനം.
കൊട്ടാരക്കര തലച്ചിറയില്‍ സാംബവ മഹാസഭ സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണത്തില്‍ സംസാരിക്കവെയായിരുന്നു പത്തനാപുരം എംഎല്‍എ ഗണേഷ്കുമാറിന്റെ വിവാദ പരാമര്‍ശം. പത്തനാപുരത്ത് തന്റെ എതിര് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന ജഗദീഷിനെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. സ്വന്തം അച്ഛന് മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്റ്റേജ് ഷോയുമായി കറങ്ങി നടന്ന ഒരു ഹാസ്യ നടന് മലയാളത്തിലുണ്ടെന്നും, ഒരുമക്കളും ചെയ്യാത്ത തരത്തില്‍ സഞ്ചയനത്തിന് മാത്രമാണ് അയാള്‍ നാട്ടിലെത്തിയതെന്നും പ്രസംഗത്തില്‍ ഗണേഷ് കുമാര്‍ പറയുന്നു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലനില്‍ക്കെ എതിരാളിയാകുമെന്ന് കരുതപ്പെടുന്നയാളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ പ്രസംഗം തുടര്‍ന്ന പത്തനാപുരം എംഎല്‍എ, ആ നടന് അധികം വൈകാതെ നിങ്ങള്‍ക്ക് മുന്നിലുമെത്തുമെന്നും അപ്പോള്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പും നല്കി.
അതേസമയം യുഡിഎഫ് വിട്ട് ഇടത് പിന്തുണയോടെ മത്സരത്തിനിറങ്ങുന്ന ഗണേഷിന് കടുത്ത മത്സരമാണ് ഇക്കുറി കോണ്‍ഗ്രസ്സും ബിജെപിയും ഒരുക്കിയിട്ടുള്ളത്.