ഹവാന: ക്യൂബ-യുഎസ് ബന്ധത്തിൽ പുതിയ അദ്ധ്യായം കുറിച്ച് യു എസ് പ്രസിഡന്‍റ് ബരാക് ഒബാമ ക്യൂബയിൽ. പ്രസിഡന്‍റ് റൗൾ കാസ്ട്രോയുമായി യുഎസ് പ്രസിഡന്‍റ് കൂടിക്കാഴ്‍ച നടത്തും. എന്നാൽ മുൻ പ്രസിഡന്‍റ് ഫിദൽ കാസ്ട്രോയുമായി ഒബാമ കൂടിക്കാഴ്‍ച നടത്തില്ലെന്നാണ് സൂചന.
88 വർഷങ്ങൾക്ക് ശേഷം ക്യൂബൻ മണ്ണിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ബരാക്ക് ഒബാമയ്‌ക്ക് ഊഷ്‍മള സ്വീകരണമാണ് ലഭിച്ചത്. എയർഫോഴ്‍സ് വൺ വിമാനത്തിൽ വന്നിറങ്ങിയ ഒബാമയെയും കുടുംബത്തെയും ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് സ്വീകരിച്ചു. യുഎസ് എംബസിയിൽ എത്തിയ ഒബാമ, ചരിത്ര സന്ദർശനമാണ് സന്ദർശനമെന്ന് പറഞ്ഞു. ക്യൂബൻ ജനതയുമായുള്ള തുറന്ന സംവാദത്തിന് കാത്തിരിക്കുകയാണെന്നും ഒബാമ ട്വിറ്ററിൽ കുറിച്ചു. ഒബാമ, ക്യൂബൻ രാഷ്‌ട്രീയ പ്രതിനിധികളുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്‍ച നടത്തും . പ്രസിഡന്‍റ് റൗൾ കാസ്ട്രോയുടെ വസതിയിൽ ഒബാമയ്‌ക്കും കുടുബത്തിനും ഇന്ന് അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട് .
അതേസമയം, ഒബാമ ക്യൂബയിലെത്തിയതിന് പിന്നാലെ രാഷ്‌ട്രീയ തടവുകാരുടെ ഭാര്യമാർ രൂപം നൽകിയ ലേഡീസ് ഇൻ വൈറ്റ് ഗ്രൂപ്പ് എന്ന കൂട്ടായ്മയുടെ പ്രതിഷേധ പ്രകടനവും നടന്നു . ഒബാമയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കരുതൽ തടങ്കലിലാക്കിയ രാഷ്‌ട്രീയ നേതാക്കളെ മോചിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. 2014ൽ റൗൾ കാസ്ട്രോയുമായി നടത്തിയ കൂടിക്കാഴ്‍ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുകലിന് തുടക്കമായത്.
ഒബാമയുടെ സന്ദർശനം ദശാബ്‍ദങ്ങളായുളള യുഎസ്-ക്യൂബ ശീതയുദ്ധത്തിന് വിരാമമിട്ട്, പുതിയ വാണിജ്യ ബന്ധങ്ങൾക്ക് വഴി തുറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.