കണ്ണൂര്‍: കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയിലേക്ക് മാറ്റി. ജയരാജന്റെ കാല്‍മുട്ടിന് നീരുള്ളതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
അതേസമയം ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഇരിക്കെ അനുകൂല തീരുമാനമുണ്ടാക്കാന്‍ വേണ്ടിയാണ് ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആക്ഷേപമുണ്ട്. തുടര്‍ ചികിത്സ ആവശ്യമുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ജയരാജന് ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ ജയിലില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കെന്ന പേരില്‍ ജയരാജനെ ആശുപത്രിയിലേക്ക് മാറ്റാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ ഒത്താശ ചെയ്തതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് വീണ്ടും ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലശ്ശേരി സെഷന്‍സ് കോടതി ജയരാജന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.
ജയിലില്‍ നടത്തിയ പരിശോധനയില്‍ കാലിന് പ്രശ്നങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജയരാജനെ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. ആയുര്‍വേദ ആശുപത്രിയില്‍ ജയരാജന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.