ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പാര്‍ട്ടിയും സര്‍ക്കാരും നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് നടപടികള്‍ ആരംഭിച്ചു. വിമതപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന പേരില്‍ മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ മകന് സാകേത് ബഹുഗുണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. ആറ് വര്‍ഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്. സാകേത് ബഹുഗുണയുടെ നേതൃത്വത്തില്‍ ഒന്‍പത് എംഎല്‍എമാര്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരേ തിരിഞ്ഞതോടെ സര്‍ക്കാരിന്റെ നിലനില്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ നടപടി.
മുഖ്യമന്ത്രിക്കെതിരേ ശബ്ദമുയര്‍ത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതാണ് കോണ്‍ഗ്രസിനെ കൂടുതല്‍ അലോസരപ്പെടുത്തുന്നത്. എഴുപതംഗ നിയമസഭയില്‍ ബിജെപിക്ക് 28 അംഗങ്ങളാണ് ഉളളത്. കോണ്‍ഗ്രസിന് 36 അംഗങ്ങള്‍ ആണ് ഉളളത്. നിയമസഭയില്‍ ധനകാര്യബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയും എംഎല്‍എമാരും തമ്മിലുളള തര്‍ക്കം മറനീക്കി പുറത്തുവന്നത്.
ബില്ല് ശബ്ദവോട്ടോടെ പാസാക്കുന്നതിനെ എതിര്‍ത്തതിന്റെ പേരില്‍ എംഎല്‍എമാര്‍ക്കെതിരേ കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ പരസ്യമായി സര്‍ക്കാരിനെതിരേ തിരിഞ്ഞത്.