കോട്ടയം: പൂഞ്ഞാറില്‍ ഇടത് സ്ഥാനാര്‍ഥിയാകുമെന്ന് ആവര്‍ത്തിച്ച് പി.സി ജോര്‍ജ്. പൂഞ്ഞാറില്‍ പി.സി ജോര്‍ജിനെ മത്സരിപ്പിക്കുന്നതില്‍ സിപിഎം നേതൃത്വത്തില്‍ രണ്ടഭിപ്രായമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പി.സി ജോര്‍ജ് നിലപാട് വ്യക്തമാക്കിയത്. എല്‍ഡിഎഫിന്റെ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും പൂഞ്ഞാറില്‍ മത്സരിക്കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.
തന്നെ സ്ഥാനാര്‍ഥിയാക്കാമെന്ന് ഇടത് നേതാക്കള്‍ ഉറപ്പ് തന്നതായി പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താന്‍ സ്ഥാനാര്‍ത്ഥിയല്ല എന്നു പറയുന്നത് ചതിയാണെന്നും ഇടത് പാര്‍ട്ടികള്‍ ചതിയന്മാരാണെന്ന് കരുതുന്നില്ലെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. തന്നെ സ്ഥാനാര്‍ഥിയാക്കുന്നതിന് എതിരായ അഭിപ്രായം ഇതുവരെ ഇടതുമുന്നണിയില്‍ നിന്നാരും തന്നെ അറിയിച്ചിട്ടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മൂന്ന് തവണ എകെജി സെന്ററില്‍ പോയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉള്‍പ്പെടെ എല്ലാ നേതാക്കളും താനാണ് സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞിട്ടുണ്ട്. പൂഞ്ഞാറിന് പകരം മറ്റൊരു മണ്ഡലം നല്‍കാമെന്ന് പറഞ്ഞാല്‍ അത് ബുദ്ധിമുട്ടാകുമെന്നും ജോര്‍ജ് പറഞ്ഞു.
പൂഞ്ഞാറില്‍ തനിക്കെതിരെ പ്രചരിച്ച പോസ്റ്ററുകള്‍ വ്യാജമാണെന്നും സിപിഎമ്മോ സിപിഐയോ അല്ല അതിനു പിന്നിലെന്നും പി.സി ജോര്‍ജ് പറഞ്ഞു.