ന്യൂഡല്‍ഹി: പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. പിതാവും ജമ്മു കശ്മീരില്‍ മുഖ്യമന്ത്രിയുമായിരുന്ന മുഫ്തി മുഹമ്മദ് സയിദിന്റെ മരണത്തോടെ ജനുവരി ഏഴു മുതല്‍ അനിശ്ചിതത്വത്തിലുള്ള ഭരണം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.
ചര്‍ച്ച ഗുണകരമായിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ചേരുന്ന നിയമസഭാ കക്ഷിയോഗം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മെഹബൂബ മുഫ്തി മാദ്ധ്യമങ്ങളെ അറിയിച്ചു.
സര്‍ക്കാര്‍ രൂപീകരണം അനന്തമായി നീണ്ടുപോകുന്നത് എംഎല്‍എമാര്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ പ്രതിസന്ധി വരുന്നതിനു മുന്‍പ് സര്‍ക്കാര്‍ രൂപീകരിക്കാനാണ് മെഹ്ബൂബയുടെ ഇപ്പോഴത്തെ നീക്കം.
ബി.ജെ.പി പ്രദേശിക നേതൃത്വവുമായി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി നേരത്തെ മെഹ്ബൂബ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ധാരണയിലെത്തിയിരുന്നില്ല. സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് 24ന് പിഡിപി എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിനാണ് പിഡിപി-ബിജെപി സഖ്യം വിവിധ ഉപാധികളോടെ മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തില്‍ ഭരണത്തില്‍ എത്തിയത്. കശ്മീര്‍ നിയമസഭയില്‍ പിഡിപിക്ക് 27ഉം ബിജെപിക്ക് 25ഉം അംഗങ്ങളാണുള്ളത്.