പാരീസിനെ നടുക്കിയ ഭീകരാക്രമണത്തിന്‍റെ ഭീതീദമായ ഓർമ്മകൾ വിട്ടുമാറും മുന്പാണ് ബ്രസൽസിലും ആക്രമണം നടന്നിരിക്കുന്നത്. യൂറോപ്പിൽ തഴച്ചുവളരുന്ന ഭീകരവാദത്തിന്‍റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ് നിരവധി അന്താരാഷ്‌ട്ര സംഘടനകളുടെ ആസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്ന ബ്രസൽസ്.
ലോകത്തെ നടുക്കിയ പാരിസ് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരകരിൽ അധികവും ഫ്രാൻസിന്‍റെ അയൽ രാജ്യമായ ബെൽജിയത്തിൽ നിന്നായിരുന്നു. ആക്രമണത്തിന്‍റെ പ്രധാന ബുദ്ധികേന്ദ്രം എന്ന് കരുതുന്ന സാലെ അബ്ദുസലാം ബെൽജിയം പൗരനായിരുന്നു. ഇയാളെ എതാനും ദിവസം മുന്പാണ് ബ്രസൽസിൽ നിന്ന് പൊലീസ് അറസ്റ്‍റ് ചെയ്തത്.
യൂറോപ്പിൽ ഭീകരപ്രസ്ഥാനങ്ങൾക്ക് ഏറെ വേരോട്ടമുളള മണ്ണാണ് പശ്ചിമ യുറോപ്പിലെ കൊച്ചുരാഷ്‌ട്രമായ ബെൽജിയം എന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിട്ടുണ്ട് . രാജ്യത്തെ വലിയ തോതിലുളള കുടിയേറ്‍റ ജനസംഖ്യ തന്നെയാണ് ഇതിന് പ്രധാനകാരണമായി ചുണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ 2 പതിറ്‍റാണ്ടിനിടെ വിവിധ ആഫ്രിക്കൻ- അറബ് രാഷ്‌ട്രങ്ങളിൽ നിന്ന് ബെൽജിയത്തിലേക്ക് വ്യാപകമായ കുടിയേറ്‍റമാണ് നടന്നത്.
തലസ്ഥാനമായ ബ്രസൽസിലെ ജനസംഖ്യയിൽ 30 ശതമാനത്തോളം ആഫ്രോ-അറബ് വംശജരാണ്. കൂടിയേറ്‍റ ജനവിഭാഗങ്ങളിൽ പെട്ട യുവാക്കൾക്കിടയിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും മുതലാക്കി അവർക്കിടയിൽ സ്വാധീനമുറപ്പിക്കാൻ ആഗോള ഭീകരസംഘടനകൾക്ക് സാധിച്ചുവെന്നതാണ് യാഥാർത്ഥ്യം. ഇത് മനസിലാക്കിയിട്ടും, ബെൽജിയത്തിലെ ഇടത് അനുഭാവം പുലർത്തുന്ന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.
കഴിഞ്ഞ വർഷം പാരീസിൽ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് ബെൽജിയം സർക്കാർ അൽപ്പമെങ്കിലും ഉണർന്നത്. ഇതിനെ തുടർന്ന് ദിവസങ്ങളോളം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ബെൽജിയം മുൾമുനയിലായിരുന്നു. ഭീകരരർ ഒളിച്ചിരിക്കുന്നുവെന്ന് സംശയിക്കുന്ന ബ്രസൽസിലേയും ആന്‍റ് വെർപിലേയും വിവിധ പ്രദേശങ്ങളിൽ പൊലീസ് റെയിഡുകൾ നടത്തിയിരുന്നു. എന്തായാലും, ആഗോള ഭീകരവാദത്തിന്‍റെ കാൽപ്പാടുകൾ യൂറോപ്പിൽ ആഴത്തിൽ പതിഞ്ഞിരിക്കുകയാണെന്നതിന്‍റെ എറ്‍റവും പുതിയ ഉദാഹരണമായി വേണം ബ്രസൽസിലെ സ്ഫോടന പരമ്പരയെ കാണാൻ.