ബ്രസൽസ് : ബ്രസൽസിൽ നടന്ന സ്‍ഫോടനത്തിൽ കുറ്‍റവാളികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി . സ്‍ഫോടനം നടത്തിയ ചാവേറുകളുടെ ചിത്രങ്ങൾ പൊലിസ് പുറത്തുവിട്ടു . സ്‍ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്‍റെടുത്തു .
ബ്രസൽസിൽ സ്‍ഫോടനം നടത്തിയെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ ചിത്രങ്ങളാണ് പൊലിസ് പുറത്തുവിട്ടത് .വിമാനത്താവളത്തിലൂടെ ലഗേജ് ട്‍രോളുയുമായി നീങ്ങുന്ന മൂന്ന് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടത് . ഇതിൽ രണ്ട് പേർ സ്‍ഫോടനത്തിൽ കൊല്ലപ്പെട്ടു .
രക്ഷപ്പെട്ട മൂന്നാമനായുള്ള തെരച്ചിൽ തുടരുകയാണ് . റെയ്‍ഡിനിടെ ബ്രസൽസിലെ ഒരു ഫ്ലാറ്‍റിൽ നിന്ന് ഐഎസിന്‍റെ പതാകയും ബോംബ് നിർമ്മിക്കാൻ ഉപയോഗിച്ചെന്ന് സംശയിക്കുന്ന രാസപദാർത്ഥങ്ങളും കണ്ടത്തിയതായി പൊലിസ് അറിയിച്ചു . ആക്രമണത്തെ അപലപിച്ച ബെൽജിയം പ്രധാനമന്ത്രി ചാൾസ് മൈക്കൽ ബെൽജിയത്തിന്‍റെ ചരിത്രത്തിലെ ഇരുണ്ട ദിനമായി വിശേഷിപ്പിച്ചു . എല്ലാവരും സമാധാനവും ഐക്യവും പിന്തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു .
ഇന്ത്യൻ സമയം ഉച്ചയ്‍ക്ക് പന്ത്രണ്ടരയോടെയാണ് സാവെന്‍റം വിമാനത്താവളത്തിൽ ഇരട്ട സ്‍ഫോടനമുണ്ടായത് . ഒരു മണിക്കൂറിനുള്ളിൽ യൂറോപ്യൻ യൂണിയൻ ആസ്ഥാനം സ്ഥിതിചെയ്യുന്നതിന് സമീപമുള്ള മാൽ ബീക്ക് മെട്രോ സ്‍റ്‍റേഷനിലും സ്‍ഫോടനമുണ്ടായി . 30 പേരാണ് രണ്ടിടങ്ങളിലുമായി കൊല്ലപ്പെട്ടത് . പാരിസ് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ സലാ അബ്‍ദസലാം അറസ്‍റ്‍റിലായതിന് പിറകെയാണ് ബ്രസൽസിൽ സ്‍ഫോടനമുണ്ടായതെന്നും ശ്രദ്ധേയമാണ് .