പത്തനംതിട്ട: ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി ശബരീശന് ആറാട്ട്. 10 ദിവസത്തെ ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ടായിരുന്നു ആറാട്ട്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെയും മേല്‍ശാന്തി എസ്.ഇ ശങ്കരന്‍ നമ്പൂതിരിയുടേയും കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
സന്നിധാനത്ത് മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ സപ്തമാതൃക്കള്‍ക്ക് ബലിതൂകി ഉത്സവബലി നടത്തിയശേഷം ദേവചൈതന്യം ആവാഹിച്ച ശ്രീബലി ബിംബം ആനപ്പുറത്തേറ്റി. തുടര്‍ന്ന് പമ്പയിലേക്ക് ആറാട്ടിനായി എഴുന്നെള്ളത്ത്. ശരംകുത്തിയും മരക്കൂട്ടവും നീലിമലയും കടന്ന് 11.30ഓടെ ഘോഷയാത്ര പമ്പ ഗണപതികോവിലിന് മുന്നിലെത്തി. പരമ്പരാഗത ആചാരങ്ങളോടെയാണ് ഘോഷയാത്രയെ സ്വീകരിച്ച് ആറാട്ട് കടവിലേക്ക് ആനയിച്ചത്.
തന്ത്രി കണ്ഠര് മഹേഷ് മോഹനരുടേയും മേല്‍ശാന്തി എസ്.ഇ ശങ്കരന്‍ നമ്പൂതിരിയുടേയും കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജ നടത്തിയശേഷാമയിരുന്നു ആറാട്ട്. ശബരീശന്റെ ആറാട്ട് കണ്ട് തൊഴാന്‍ നിരവധി ഭക്തരായിരുന്നു പമ്പയില്‍ എത്തിയത്.
പമ്പ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വെച്ച ശ്രീബലി ബിംബം തിരിച്ച് സന്നിധാനത്തെത്തുന്നതോടെ ശബരിമലയിലെ ഉത്സവത്തിന് സമാപ്തിയാകും.