ന്യൂഡല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ ഗ്രാമീണ മേഖലയിലെ ഭവന രഹിതര്‍ക്ക് ഒരു കോടി വീടുകള്‍ നിര്‍മിച്ച് നല്‍കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി. പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതിപ്രകാരമാണ് വീടുകള്‍ നിര്‍മിച്ച് നല്‍കുക.
81,975 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന ചെലവ്. സാധാരണ സ്ഥലങ്ങളില്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അടക്കം ഭൗമശാസ്ത്രപരമായി ബുദ്ധിമുട്ടുളള പ്രദേശങ്ങളില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയുമാകും നല്‍കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക.
സാധാരണ സ്ഥലങ്ങളില്‍ 60 ശതമാനം തുക കേന്ദ്രസര്‍ക്കാരും 40 ശതമാനം തുക സംസ്ഥാന സര്‍ക്കാരും വഹിക്കണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 90 ശതമാനം തുകയും കേന്ദ്രമായിരിക്കും വഹിക്കുക.
2017 ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ഫിഫ വേള്‍ഡ് കപ്പ് ആറ് വേദികളില്‍ വെച്ച് നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഉള്‍പ്പടെയുള്ള വേദികളിലാണ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ നടക്കുക.