കണ്ണൂർ : കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തിൽ നികേഷ് കുമാറിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പോസ്റ്റർ പ്രചാരണം. അഴീക്കോട് മണ്ഡലത്തിലെ പൂതപ്പാറയിലാണ് നികേഷിനെതിരെ പോസ്റ്ററുകൾ പതിച്ചത്. വർഷങ്ങളോളം മുഖ്യശത്രുവായി സിപിഎം കണ്ട എം.വി. രാഘവന്റെ മകന് എൽഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നതിനെതിരെയാണ് പോസ്റ്റർ. കൂത്തുപറമ്പിൽ അഞ്ച് സഖാക്കളെ കൊലപ്പെടുത്തിയ ആളുടെ മകനെ അഴീക്കോട് മത്സരിപ്പിക്കാന്‍ അനുവദിക്കില്ല എന്നാണ് സേവ് മാർക്സിസ്റ്റ് ഫോറത്തിന്റെ പേരിലിറങ്ങിയ പോസ്റ്ററിലുള്ളത്.
1987 ലെ തെരഞ്ഞെടുപ്പിൽ അന്ന് സിപിഎം സ്ഥാനാർത്ഥിയായ ഇ പി ജയരാജനെ ആയിരത്തിൽപ്പരം വോട്ടുകൾക്ക് എം വി രാഘവൻ പരാജയപ്പെടുത്തിയ മണ്ഡലമാണ് അഴീക്കോട് . തുടർന്ന് കണ്ണൂരിലുടനീളം വൻ സംഘർഷമാണ് അന്നുടലെടുത്തത് . പിന്നീട് എ കെ ജി സ്മാരക ആശുപത്രിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും വൻ സംഘർഷങ്ങൾ ഉണ്ടായി .പിന്നീട് 1994 നവംബർ 25 ന് കൂത്തുപറമ്പിലെ സഹകരണ ബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയ എം വി രാഘവനെ ഡി വൈ എഫ് ഐ ക്കാർ തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ പോലീസ് വെടിവെയ്പ്പിലാണ് 5 ഡിവൈഎഫ് ഐക്കാർ കൊല്ലപ്പെട്ടത് . തുടർന്ന് കണ്ണൂരിലെങ്ങും ഭീതിദമായ സംഘർഷങ്ങളാണ് ഉണ്ടായത് .
തങ്ങളുടെ രാഷ്ട്രീയ എതിരാളിയും അഞ്ച് സഖാക്കളുടെ ജീവനെടുത്തതിൽ ആരോപിതനായ വ്യക്തിയുമായ എം വി ആറിന്റെ മകനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ നേരത്തെ തന്നെ പാർട്ടിയിൽ മുറുമുറുപ്പുയർന്നിരുന്നു . അതിന്റെ പ്രകടമായ പ്രതിഷേധമായാണ് ഇപ്പോൾ പോസ്റ്ററുകൾ ഇറങ്ങിയതെന്നാണ് സൂചന.