കൊല്ലം : ദുഃഖവെള്ളി ദിവസം മത്സ്യബന്ധനം നടത്തുന്നതിനെതിരെ കൊല്ലത്ത് പള്ളി വികാരിയുടെ വിലക്ക്. നീണ്ടകര സെന്‍റ്. സെബാസ്‍റ്‍റ്യൻ ചർച്ച് വികാരി അരുൺ ജെ. ആറാടൻ ഇക്കാര്യം ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളി സംഘടനകൾക്കും ധീവരസഭയ്‍ക്കും കത്ത് നൽകി .അതേസമയം നീണ്ടകര ഹാർബറിൽ ഉൾപ്പെടെ ദുഃഖവെള്ളി ദിനത്തിൽ മത്സ്യബന്ധനം നടത്തുന്നത് എതിർത്തുകൊണ്ട് പോസ്‍റ്‍ററുകളും പതിച്ചിട്ടുണ്ട് .
കഴിഞ്ഞ വര്‍ഷങ്ങളിൽ ഉൾപ്പെടെ ദുഃഖവെള്ളി ദിനത്തിൽ മത്സ്യബന്ധനവും വിപണനവും തടസ്സമേതുമില്ലാതെ നടന്നുവെന്നിരിക്കെയാണ് ഇത്തവണ അതിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള സഭാ തീരുമാനം വരുന്നത്. ഭക്തിസാന്ദ്രമായ അന്തരീക്ഷം ദേവാലയ പരിസരത്ത് നഷ്ടപ്പെടുമെന്നും ആരാധനാ കർമങ്ങൾക്ക് മത്സ്യബന്ധനവും വിപണനവും തടസ്സമാകുമെന്നും ആരോപിച്ചാണ് ഇടവക സമിതി വിലക്കേർപ്പെടുത്തിയത്. ഇക്കാര്യമുന്നയിച്ച് നീണ്ടകര ഹാര്‍ബറിലെ മത്സ്യത്തൊഴിലാളി സംഘടനകള്‍ക്കും ധീവരസഭാ കരയോഗത്തിനും ഇടവകകമ്മിറ്റി കത്ത് കൈമാറുകയും ചെയ്തു.
എന്നാല്‍ പതിവില്ലാത്ത ഈ നടപടിയെ ചോദ്യം ചെയ്ത് മത്സ്യത്തൊഴിലാളികൾ, സമുദായസംഘടനകളായ ധീവരസഭാ, വേദവ്യാസ പ്രചാരസഭ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിക്കഴിഞ്ഞു. മത്സ്യത്തൊഴിളാളികളുടെ വയറ്റത്തടിക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ഇവര്‍ പള്ളി വികാരിയുടെ തീരുമാനത്തിനെതിരെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉയരുന്നതിനിടെ മത്സ്യബന്ധനവും വിപണനവും ഒഴിവാക്കണമെന്ന പോസ്റ്റർ അജപാലന സമിതി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിന്റെ പേരിൽ ഹാര്‍ബറിൽ പതിച്ചു കഴിഞ്ഞു. അതേസമയം ഇടവക കമ്മിറ്റി നിശ്ചയിക്കുന്ന പരിധിക്ക് പുറത്തേക്ക് മത്സ്യബന്ധനം നടത്താനാകാത്ത സാഹചര്യവും നിലനില്‍ക്കുന്നതായും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.