ന്യൂഡൽഹി : ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടേയും നാളുകൾ സ്വപ്നം കണ്ട് ഉത്തരേന്ത്യ ഹോളി ആഘോഷിക്കുന്നു. ഭീകരാക്രമണ ഭീഷണിയിൽ കനത്ത സുരക്ഷയിലാണ് ആഘോഷങ്ങൾ നടക്കുന്നത്.
മാസങ്ങൾ നീണ്ട കഠിനമായ ശൈത്യത്തിന് വിരാമമിട്ട് ഉത്തരേന്ത്യയിൽ വസന്തത്തെ വരവേൽക്കുന്ന നാളാണ് ഹോളി. ജാതിയുടേയോ മതത്തിന്റേയോ അതിർവരമ്പുകളില്ലാതെ ഇന്ത്യയൊട്ടാകെ ഹോളി ആഘോഷങ്ങൾ നടന്നു. ശത്രുതയകറ്റി സൗഹൃദം നിലനിർത്താൻ പരസ്പരം നിറങ്ങളണിഞ്ഞ് ഒരോരുത്തരും ഹോളി ആഘോഷിച്ചു.
ഡൽഹിയിലെ വിവിധ പാർട്ടി ആസ്ഥാനങ്ങളിലും നേതാക്കന്മാരുടെ വസതികളിലും ഹോളി ആഘോഷങ്ങൾ തകൃതിയായി നടന്നു. അഘോഷങ്ങളുടെ ഭാഗമായുള്ള എല്ലാ മുൻ കരുതലുകളും സ്വീകരിച്ചതായും എല്ലാവർക്കും ഹോളി ആശംസകൾ നേരുന്നതായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് വിപുലമായ ഹോളി ആഘോഷം നടന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങി പ്രമുഖ നേതാക്കളെല്ലാം ആഘോഷത്തിൽ പങ്കെടുത്തു.
ഉത്തരേന്ത്യയക്ക് സമാനമായി ഹൃദ്യമായ ഹോളി ആഘോഷമാണ് കൊച്ചിയിലും നടന്നത് .രാജസ്ഥാന് പ്രവാസി സംഘിന്റെ നേതൃത്തത്തില്‍ സംഘടിപ്പിച്ച ഹോളി ആഘോഷങ്ങളില്‍ താളമേളങ്ങളുടെ അകമ്പടിയോടെ നിരവധിപേർ പങ്കെടുത്തു.