മുംബൈ : മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ ഭീകരൻ അജ്മൽ കസബിനെ മോചിപ്പിക്കുന്നതിനായി ബന്ദികളാക്കിയവരെ വച്ച് വിലപേശാൻ പദ്ധതിയിട്ടിരുന്നതായി ലഷ്കർ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലി. നരിമാൻ ഹൗസിൽ ബന്ദികളാക്കിയവരെ വച്ച് ഇസ്രായേൽ എംബസിയോട് വിലപേശനായിരുന്നു പദ്ധതി. ഇസ്രത് ജഹാൻ ഭീകരവാദിയാണെന്ന് പറഞ്ഞത് ആരുടേയും സമ്മർദ്ദത്തെ തുടർന്നായിരുന്നില്ലെന്നും എതിർവിസ്താരത്തിനിടെ ഹെഡ്ലി വ്യക്തമാക്കി.
ഭീകരാക്രമണത്തിനു തൊട്ടു മുൻപേ ദൗത്യം ആരംഭിക്കുകയാണെന്ന മൊബൈൽ സന്ദേശം ഭീകരൻ സാജിദ് മിർ തനിക്ക് അയച്ചിരുന്നതായി ഹെഡ്ലി പറ്ഞ്ഞു. ആക്രമണം നടത്തിയ ഭീകരരും കറാച്ചിയിൽ ഇരുന്ന് ആക്രമണം നിയന്ത്രിച്ചവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡിങ്ങുകളിൽ തന്റെ ശബ്ദമില്ലെന്നും എന്നാൽ സംഭാഷണം നടത്തിയവരെ താൻ തിരിച്ചറിഞ്ഞതായും ഹെഡ്ലി പറഞ്ഞു.
ആക്രമണത്തിനു ശേഷം സുരക്ഷിതമായി ആശയവിനിമയം നടത്തുന്നതിനായി തഹാവുർ റാണ വ്യാജ ഈ മെയിൽ നിർമ്മിച്ച് നൽകിയതായി ഹെഡ്ലി വിസ്താരത്തിനിടെ സമ്മതിച്ചു. എന്നാൽ താൻ മാനസിക രോഗത്തിന് ചികിത്സതേടിയിരുന്നുവെന്ന വാദം ഹെഡ്ലി നിഷേധിച്ചു. . അതേ സമയം ഗുജറാത്തിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇസ്രത് ജഹാൻ ലഷ്കർ ഭീകരവാദിതന്നെയാണെന്ന് ഹെഡ്ലി ഇന്ന് വീണ്ടുമാവർത്തിച്ചു.