നിലിൻ കൃപാകരൻ
ഗുവാഹതി : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ ബിജെപി ഭരണത്തിലേറാൻ ഏറ്‍റവും സാധ്യത കൽപ്പിക്കപ്പെടുന്നത് അസമിലാണ്. ദേശീയ പാർട്ടികളായ ബിജെപിയും കോൺഗ്രസും നേർക്കുനേർ വരുന്നുവെന്ന പ്രത്യേകതയും അസമിനുണ്ട്. സംസ്ഥാന അദ്ധ്യക്ഷൻ സർബാനന്ദ് സോനോവാളിന്‍റെ നേതൃത്വത്തിൽ ഊർജ്ജിതമായ പ്രചാരണമാണ് ബിജെപി നടത്തുന്നത്.
തരുൺ ഗോഗോയിയുടെ നേതൃത്വത്തിൽ അസമിൽ തുടർച്ചയായ നാലാംതവണയും അധികാരത്തിലേറാമെന്ന കോൺഗ്രസിന്‍റെ മോഹങ്ങൾക്ക് കനത്ത വെല്ലുവിളിയാണ് പാർട്ടി ഉയർത്തുന്നത്. കഴിഞ്ഞ ലോക്‍സഭാ തെരഞ്ഞടുപ്പിൽ, കോൺഗ്രസിനെ ഞെട്ടിച്ച് അസമിലെ 14 സീറ്‍റിൽ ഏഴും ബിജെപി സ്വന്തമാക്കിയിരുന്നു. ലോക്‍സഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന പ്രകടനം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന ഘടകം.
മോദി പ്രഭാവത്തിൽ ജയിച്ചു കയറിയ ബിജെപി, ഒരുവർഷം മുന്പ് നടന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പിലും പ്രകടനം അവർത്തിച്ചു. തെരഞ്ഞെടുപ്പ് നടന്ന നഗരസഭാ വാർഡുകളിൽ പകുതിയിലധികവും സ്വന്തമാക്കിയ പാർട്ടിക്ക്, സംസ്ഥാനത്തെ 30 നഗരസഭകളിൽ ഒറ്‍റയ്‌ക്ക് ഭൂരിപക്ഷം നേടാനും സാധിച്ചിരുന്നു. വടക്കുകിഴക്കൻ മേഖലയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപി, ഏറെ പ്രതീക്ഷയോടെയാണ് അസം നിയമസഭാ തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. 15 വർഷമായി അസമിൽ ഭരണത്തിലുളള തരുൺ ഗോഗോയിയുടെ നേതൃത്വത്തിലുളള കോൺഗ്രസ് സർക്കാരിനെതിരെയുളള ജനവികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.
മുഖ്യമന്ത്രി തരുൺ ഗോഗോയിയുടെ ഏകാധിപത്യ നിലപാടുകളും, സ്വജനപക്ഷപാതവും കോൺഗ്രസ് അണികളിൽ തന്നെ വലിയ എതിർപ്പ് സൃഷ്ടിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി സർബാനനന്ദ് സോനോവാളിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് വളരെ മുൻപ് തന്നെ പ്രചാരണം ആരംഭിച്ച ബിജെപിയിലേക്ക് കോൺഗ്രസ് ഉൾപ്പടെയുളള പാർട്ടികളിൽ നിന്ന് ഈയിടെ നിരവധി പ്രമുഖ നേതാക്കളും അണികളും എത്തിയിരുന്നു. തരുൺ ഗോഗോയിയുടെ വിശ്വസ്തനും, മന്ത്രിയുമായിരുന്ന ഹിമന്തബിശ്വ ശർമ്മയാണ് ഇവരിൽ പ്രധാനി. ബിജോയ ചക്രബർത്തി അടക്കമുളള മുതിർന്ന നേതാക്കളുടെ പിന്തുണയും സോനോവാളിനുണ്ട്.
പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുളള നേതാവായ സോനോവാളിന്‍റെ പ്രവർത്തനങ്ങൾ, നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മുതൽ കൂട്ടാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഭരണവിരുദ്ധ വികാരവും, ബംഗ്ലാദേശികളുടെ അനധികൃത കുടിയേറ്‍റവിഷയത്തിൽ കോൺഗ്രസ് പുലർത്തുന്ന മൃദുസമീപനവും ബിജെപിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. പ്രാദേശിക കക്ഷിയായ അസം ഗണപരിഷത്തുമായി തെരഞ്ഞെടുപ്പിന് മുന്പ് സഖ്യമുണ്ടാക്കാനായതും പാർട്ടിക്ക് നേട്ടമാണ്. ബോഡോലാന്‍ഡ് പീപ്പിൾസ് ഫ്രണ്ടുമായി ബിജെപി നേരത്തെ തന്നെ സഖ്യം രൂപീകരിച്ചിരുന്നു.
അസമിലെ പിന്നാക്ക -വനവാസി ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി നരേന്ദ്ര മോദി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ മാതൃകാപരമെന്നാണ് ബോഡോ പീപ്പിൾസ് ഫ്രണ്ട് വിശേഷിപ്പിച്ചത്. നിർണായക സ്വാധീനമുളള ബി.പി.എഫ് അടക്കമുളള പ്രാദേശിക കക്ഷികളുടെ പിന്തുണ നിയമസഭാ തെരഞ്ഞെടുപ്പിൽ സഹായകരമാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ നിഗമനം. സംസ്ഥാനത്ത് 34 ശതമാനത്തിലധികം വരുന്ന മുസ്ലീങ്ങൾക്കിടയിൽ സ്വാധീനമുളള എ.യു.ഡി.എഫ് കോൺഗ്രസുമായി സഖ്യമുണ്ടാക്കാതെയാണ് മത്സരിക്കുന്നത്. ഇത് മുസ്ലീം വോട്ടുകളുടെ വിഭജനത്തിന് കാരണമാകുമെന്നാണ് നിരീക്ഷണം.
അസമിൽ കാര്യമായ സ്വാധീനമില്ലാത്ത ആർജെഡിക്കും, ജെഡിയുവിനും ഒപ്പമാണ് എ.യു.ഡി.എഫ് ജനവിധി തേടുന്നത്. പരാജയ ഭീതി മൂലം വർഗ്ഗീയ കക്ഷിയായ എ.യു.ഡി.എഫുമായി കൂട്ടുകുടാൻ കോൺഗ്രസ് നേരത്തെ ശ്രമം നടത്തിയിരുന്നു. എയുഡിഎഫുമായി സഖ്യത്തിൽ ഏർപ്പെട്ടാൽ, പാർട്ടിയെ പരമ്പരാഗതമായി പിന്തുണയ്‌ക്കുന്ന ഹിന്ദു വോട്ടർമാർ കൂട്ടമായി ബിജെപിയിലേക്ക് ഒഴുകുമെന്ന ഭയത്തെ തുടർന്ന് പിൻമാറുകയായിരുന്നു. ഭരണത്തിലേറിയാൽ ബംഗ്ലാദേശിൽ നിന്നുളള അനധികൃത കുടിയേറ്‍റം തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി അരുൺ ജെയ്‍റ്‍റ്ലി പുറത്തിറക്കിയ ദർശന രേഖയിൽ പറയുന്നു. കുടിയേറ്‍റം പ്രോത്സാഹിപ്പിച്ച് അസമിലെ ജനസംഖ്യ തന്നെ മാറ്‍റിമറിക്കാനാണ് തരുൺ ഗോഗോയി സർക്കാർ ശ്രമിച്ചതെന്ന് ബിജെപി ആരോപിക്കുന്നു.
അസമിലെ ജനങ്ങൾ വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്‍റെ ഇരകളാണെന്നും പാർട്ടി കുറ്‍റപ്പെടുത്തുന്നു. ഗുവാഹത്തി ഉൾപ്പടെയുളള നഗരപ്രദേശങ്ങളിലും, അപ്പർ അസമിലെ തേയില തോട്ട മേഖലയിലും നേരത്തെ തന്നെ മികച്ച സ്വാധീനം ബിജെപിക്കുണ്ട്. ബ്രഹ്മപുത്ര താഴ്‍വരയിലെ ഗ്രാമീണ ജനങ്ങൾക്കിടയിൽ ആർഎസ്എസ് നടത്തുന്ന ചിട്ടയായ പ്രവർത്തനം പാർട്ടിക്ക് കൂടുതൽ സ്വീകാര്യത നൽകിയിട്ടുണ്ട്. അസം ഗണപരിഷത്തിന്‍റെ പരമ്പരാഗത വോട്ടർമാരിൽ നല്ലൊരു വിഭാഗം അടുത്തിടെ ബിജെപിയിലേക്ക് ചേക്കേറിരുന്നു. രണ്ടുഘട്ടങ്ങളിലായി ഏപ്രിൽ ആദ്യമാണ് അസമിൽ നിയമസഭാ തെരഞ്ഞെടുപ്പ്. 126 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 64 സീറ്‍റു വേണം.