ചണ്ഡീഗഡ് : സംവരണ വിഷയത്തിൽ വാക്ക് പാലിച്ച് ഹരിയാനയിലെ ബിജെപി സർക്കാർ. ജാട്ട് സമുദായത്തിനും മറ്റ് നാല് സമുദായക്കാർക്കും ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏർപ്പെടുത്താനുള്ള ബില്ലിന് ഹരിയാന മന്ത്രിസഭ അംഗീകാരം നൽകി.
മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാറിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രി സഭാ യോഗമാണ് സംവരണത്തിന് അംഗീകാരം നൽകിയത്. ഈമാസം 31ന് അവസാനിക്കുന്ന നടപ്പ് സമ്മേളനത്തിൽ തന്നെ ബിൽ നിയമസഭയിൽ വയ്ക്കാനാണ് നീക്കം. ജാട്ട് സമുദായത്തിനും ജാട്ട് സിഖുകൾ, ബിഷ്ണോയിസ്, ത്യാഗിസ്,റോർ തുടങ്ങി നാല് വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്തുന്നതാണ് ബില്ല്. ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുമാണ് സംവരണം.
നിലവിലെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം വേണമെന്നായിരുന്നു ജാട്ടുകളുടെ ആവശ്യം. പിന്നാക്ക വിഭാഗത്തെ രണ്ടായി തിരിച്ചാണ് 16ഉം 11ശതമാനം വീതം സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. സംവരണത്തിനു പുറമെ പിന്നാക്ക വിഭാഗങ്ങൾക്കായി സ്ഥിരം കമ്മീഷൻ രൂപീകരിക്കാൻ ബിൽ കൊണ്ട് വരാനും തീരുമാനമായി. മനോഹർലാൽ ഖട്ടാർ നേതൃത്വം നൽകുന്ന ബിജെപി സർക്കാർ വാക്ക് പാലിക്കുന്നതിലൂടെ സംവരണമെന്ന ജാട്ടുകളുടെ കാലാകാലമായുള്ള ആവശ്യമാണ് നിറവേറ്റപ്പെടുന്നത്.
സംവരണം ആവശ്യപ്പെട്ട് സംസഥാനത്ത് നടന്ന പ്രക്ഷോഭങ്ങളിൽ 30 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. വലിയ രക്തച്ചൊരിച്ചിലിന് വഴിവെക്കുന്നതരത്തിൽ സംവരണ വിഷയം രാഷ്ട്രീയമായി ഉപയോഗിച്ച കോൺഗ്രസിനും മറ്റ് പ്രതിപക്ഷപാർട്ടികൾക്കുമേറ്റ പ്രഹരംകൂടിയാണ് സംസ്ഥാന സർക്കാർ നടപടി.