വാഷിംഗ്ടണ്‍: വാഷിംങ്ടണിലെ കാപ്പിറ്റോള്‍ ടവര്‍ ആക്രമിക്കാനെത്തിയ തോക്കുധാരിയെ പോലിസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. സന്ദര്‍ശക കവാടത്തിലൂടെ തോക്കുമായി കടക്കാന്‍ ശ്രമിച്ച 66കാരനെയാണ് പൊലിസ് പിടികൂടിയത്. വാഷിങ്ടണില്‍ ഭീകരാക്രമണത്തിനുളള ശ്രമമല്ല നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.
പ്രാദേശിക സമയം ഇന്നലെ ഉച്ചയ്‌ക്ക് 2.40നാണ് വാഷിംഗ്ടണിലെ കാപ്പിറ്റോള്‍ ടവറില്‍ ആക്രമണം നടത്താനെത്തിയ തോക്കുധാരിയെ പോലിസ് പിടികൂടിയത്. കാപ്പിറ്റോള്‍ ടവറിലെ മെറ്റല്‍ ഡിറ്റക്ടര്‍ ഘടിപ്പിച്ച സന്ദര്‍ശക കവാടത്തിലൂടെ ആയുധവുമായി കടക്കാന്‍ ശ്രമിച്ച അക്രമിക്ക് നേരെ പോലിസ് വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തിനെത്തിയത് 66 കാരനായ ലാറി റസല്‍ ഡോസനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോസണ്‍ ഉപയോഗിച്ചെന്നുകരുതുന്ന വാഹനം കാപ്പിറ്റോള്‍ ഗ്രൗണ്ടില്‍നിന്നും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. തോക്കും പിടിച്ചെടുത്തു.
അതേസമയം, ഡോസണ്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി സംശയിക്കുന്നില്ലെന്ന് പൊലിസ് അറിയിച്ചു. ഇയാള്‍ ഇടയ്‌ക്കിടെ കാപ്പിറ്റോള്‍ ടവറില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും, പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കാറുണ്ടെന്നും പോലിസ് വ്യക്തമാക്കി.
വെടിവെയ്പ്പിനെ തുടര്‍ന്ന് താല്ക്കാലികമായി അടച്ചിട്ട വൈറ്റ് ഹൗസ് തുറന്നു. നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.